ഇന്നസെന്റിന്റെ മൃതദേഹം വിലാപയാത്രയായി ഇരിങ്ങാലക്കുടയിലേക്ക്; മൂന്ന് മണിമുതൽ വീട്ടിൽ പൊതുദർശനം

നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം

Update: 2023-03-27 07:08 GMT
Advertising

കൊച്ചി: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം വിലാപയാത്രയായി ജന്മനാട്ടിലേക്ക്. കൊച്ചിയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകുന്നത്. തുടർന്ന് മൂന്ന് മണിയോടെ മൃതദേഹം ഇരിങ്ങാലക്കുടയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.

Full View

ഇന്നസെന്റിനെ അവസാനമായി കാണാൻ സിനിമാ മേഖലയിലെ നിരവധി പ്രമുഖരാണ് കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് എത്തിയത്. നടൻ മമ്മൂട്ടിയടക്കമുള്ളവർ ഇന്നലെ രാത്രിയോടെ തന്നെ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു. രാവിലെയോടെ തന്നെ ഇൻഡോർ സ്റ്റേഡിയത്തിലേക്കും അദ്ദേഹം എത്തി. കൂടാതെ ദുൽഖർ സൽമാൻ,ദിലീപ്, നാദിർഷാ,സിദ്ദിഖ്, മുകേഷ്, വിനീത്, ബാബുരാജ്, ഹരിശ്രി അശോകൻ, ഷാജോൺ, നടി മുക്ത, ബിന്ദുപണിക്കർ, നവ്യനായർ തുടങ്ങി ഒട്ടനവധി പേർ ഇന്നസെൻറിന് ആദരാഞ്ജലി അർപ്പിക്കാനായി ഇൻഡോർ സ്‌റ്റേഡിയത്തിൽ എത്തി.

ന്യൂമോണിയ ബാധിച്ച് ഈ മാസം നാലിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.

രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News