അതിരപ്പിള്ളിയിൽ ആദിവാസി യുവാവിന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

സതീശന്റെ ശരീരത്തിൽ ആക്രമണമേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പറഞ്ഞിരുന്നു.

Update: 2025-04-15 12:59 GMT

തൃശൂർ: അതിരപ്പിള്ളിയിൽ വനത്തിനുള്ളില്‍ ആദിവാസി യുവാവ് സതീശന്റെ മരണം ആനയുടെ ചവിട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന അംബികയുടെ മരണകാരണം സ്ഥിരീകരിക്കാൻ മൃതദേഹം തൃശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സതീശന്റെ മൃതദേഹം തൃശൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി പുറത്തുവരുന്നതോടെ കൂടുതൽ വ്യക്തത വരും.

സതീശന്റെ ശരീരത്തിൽ ആക്രമണമേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ പറഞ്ഞിരുന്നു. ആനയുടെ ആക്രമണത്തിലാണ് മരണമെന്ന് വ്യക്തമായാൽ മാത്രമേ ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരമടക്കം ലഭിക്കൂ. വാഴച്ചാൽ ശാസ്താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.

Advertising
Advertising

മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് തടഞ്ഞ് പ്രതിഷേധമുണ്ടായിരുന്നു. കോൺഗ്രസിന്റേയും ബിജെപിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ബന്ധുക്കൾ മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.

ഇന്നലെ രാത്രിയാണ് ഇരുവരും മരിച്ചത്. അതിരപ്പള്ളി വഞ്ചിക്കടവിൽ വനവിഭവങ്ങള്‍ ശേഖരിക്കാൻ കുടിൽകെട്ടി പാർക്കാനുള്ള ഒരുക്കത്തിലായിരുന്നു സതീശൻ, ഭാര്യ രമ, രവി, ഭാര്യ അംബിക എന്നിവർ. ഇതിനിടെ ഇവിടേക്ക് നാല് കാട്ടാനകൾ എത്തുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് നിഗമനം.

സംഭവത്തിൽ വനംമന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് നിർദേശം നൽകി. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അറിയിച്ചു. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രണ്ടു പേരുടെ ജീവൻ കൂടി നഷ്ടമായത്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News