'സ്വതന്ത്രമായ വീക്ഷണവും ശൈലിയും ഉൾകൊണ്ട രചനകള്‍'; ജി.പി കുഞ്ഞബ്ദുല്ലയുടെ പുസ്തകത്തിന് അവതാരിക എഴുതിയത് ടി.കെ ഹംസ
''ആത്മീയ പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാര വിചാരങ്ങളാണ് ജി.പിയുടെ പാട്ടുകളിൽ പ്രതിഫലിക്കുന്നത്''
ജി.പി കുഞ്ഞബ്ദുല്ല- ടി.കെ ഹംസ Photo- Rahman Thayalangady fb page
കോഴിക്കോട്: 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനമെഴുതിയ ജി.പി കുഞ്ഞബ്ദുല്ലയുടെ പുസ്തകത്തിന് അവതാരിക എഴുതിയത് സിപിഎം നേതാവ് ടി.കെ ഹംസ. 'മാപ്പിളപ്പാട്ടിന്‍ വര്‍ണ ചിത്രം പാട്ടുകള്‍' എന്ന പേരില്‍ നൂറു പാട്ടുകളുടെ സമാഹാരം രണ്ട് വര്‍ഷം മുമ്പാണ് ജി.പി കുഞ്ഞബ്ദുള്ള പുറത്തിറക്കിയത്. അതില്‍ ആദ്യത്തെ അവതാരികയാണ് ടി.കെ ഹംസ എഴുതിയത്.
'മാനവികതയുടെ സംസ്കാരത്തിനും വീക്ഷണത്തിനും അനുസരിച്ച് പാട്ടുകൾ സമ്മാനിക്കുന്നതാണ് ജിപിയുടെ സമീപനം, സ്വതന്ത്രമായ വീക്ഷണവും ശൈലിയും ഉൾകൊണ്ടാണ് ജി.പിയുടെ രചനകൾ. ആത്മീയ പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാര വിചാരങ്ങളാണ് അദ്ദേഹത്തിന്റ പാട്ടുകളിൽ പ്രതിഫലിക്കുന്നത്'- അവതാരികയില്‍ ടി.കെ ഹംസ പറയുന്നു.
'ആത്മീയ പ്രശാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരവിചാരങ്ങളുടെ മലരും മണവുമാണ് കവിത. ഈ ആപ്തവാക്യം അന്വർത്ഥമാക്കുന്ന അനുഭവമാണ് ജി.പി കുഞ്ഞബ്ദുല്ല ഈ പുസ്തകത്തിൽ കുറിച്ച് വെച്ച പാട്ടുകൾ ഉളവാക്കുന്നത്. മാനവ സംസ്‌കാരത്തിന്റെ മൂർത്തീമദ്ഭാവമാണ് മാനവികത. അത് കാലത്തിന്റെ മുമ്പെ നടക്കുന്ന പ്രതിഭാസമാണ്. മാനവികത യുഗാന്തരങ്ങളിലൂടെ രൂപപ്പെട്ടും പരിഷ്‌കരിച്ചും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. മാനവികതയുടെ സംസ്കാരത്തിനും വീക്ഷണത്തിനും അനുസരിച്ച് പാട്ടുകൾ സമ്മാനിക്കുന്നതാണ് ജി.പിയുടെ സമീപനം'- അവതാരികയില്‍ ടി.കെ ഹംസ പറയുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമലക്കൊളള എൽഡിഎഫിന് തിരിച്ചടിയായെന്ന വിമർശനങ്ങൾക്കിടയാണ് 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിനെതിരെ പരാതി വന്നത്. പാട്ടിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. പിന്നാലെ കേസെടുക്കുകയും ചെയ്തു. ശരണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തത്.
തിരുവാഭരണപാതാ സംരക്ഷണ സമിതി ജന.സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിക്ക് നൽകിയ പരാതിയിലാണ് കേസ്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവര്‍ക്കെതിരെയാണ് കേസ്.