ഒമ്പതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം: ഡോക്ടർമാരുടെ പിഴവ് പരാമർശിക്കാതെ അന്വേഷണ റിപ്പോർട്ട്

കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചു, എങ്ങനെ പഴുപ്പ് വന്നു എന്നതിനൊന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരമില്ല

Update: 2025-10-05 04:48 GMT
Editor : Lissy P | By : Web Desk

പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയതിൽ ഡോക്ടർമാരുടെ പിഴവ് പരാമർശിക്കാതെ അന്വേഷണ റിപ്പോർട്ട്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്നും  കൈയിൽ എങ്ങനെ പഴുപ്പ് വന്നുവെന്നും ഡിഎംഒ നിയോഗിച്ച സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. കുട്ടിയ്ക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് ശരിയായ ചികിത്സ നൽകി എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയ റിപ്പോർട്ടിലുള്ളത്. 

പാലക്കാട് മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് അസിസ്റ്റൻ്റ് പ്രഫസർ ഡോ. സിജു കെ.എം , ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോപിഡിക്സ് ജൂനിയർ കൺസൽട്ടൻ്റ് ഡോ. ജോഹ്വാർ കെ . ടി എന്നിവരാണ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയത്. ആഗസ്റ്റ് 24 ന് ജില്ലാ ആശുപത്രിയിൽ എത്തിയ വിനോദിനി എന്ന കുട്ടിയുടെ വലതു കൈയുടെ  രണ്ട് എല്ലുകൾ പൊട്ടിയിരുന്നു . രക്തയോട്ടത്തിന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല . ജുനിയർ റെസിഡൻ്റ് ഡോ . മുസ്തഫയാണ് പ്ലാസ്റ്റർ ഇട്ടത്.പിറ്റേ ദിവസം കുട്ടിയും രക്ഷിതാക്കളും ആശുപത്രിയിൽ വന്നു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ നിർദ്ദേശിച്ചു. ജൂനിയർ കൺസൽട്ടൻ്റ് ഡോ . സർഫറാസിൻ്റെ ഒപിയിലാണ് കുട്ടി എത്തിയത്. 30-ാം തിയതി അസിസ്റ്റൻ്റ് സർജൻ ഡോ . വൈശാഖിൻ്റെ ഒപിയിൽ കുട്ടിയെത്തി കൈയിൽ നീര് ഉണ്ടായിരുന്നു. കൈയിലേക്ക് രക്തഓട്ടം നിലച്ചിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.  വിനോദിനിക്ക് ജില്ലാ ആശുപത്രിയിൽ നിന്നും ശാസ്ത്രീയ ചികിത്സ ലഭിച്ചതായും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

Advertising
Advertising

ആഗസ്റ്റ് 24 , 25 തിയ്യതികളിൽ കുട്ടിയുടെ കൈയിലെ രക്തയോട്ടത്തിന് പ്രശ്നങ്ങളില്ല . 30-ാം തിയ്യതി രക്തയോട്ടം ഇല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു .എങ്ങനെയാണ് രക്തയോട്ടം നിലച്ചത് എന്നത് സംബന്ധിച്ച് ഒരുകാര്യവും അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരെ പിന്തുണച്ച്   കെജിഎംഒഎ രംഗത്തെത്തി.കുട്ടിയ്ക്ക് പരമാവധി ചികിത്സ നൽകിയിരുന്നെന്നും  കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സ സങ്കീർണത മൂലമെന്നും കെജിഎംഒഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഒരു ജില്ലാ ആശുപത്രി എന്ന നിലയിൽ സാധ്യമായ പരമാവധി ചികിത്സ കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്. രോഗിയുടെ പരിചരണത്തിൽ മെഡിക്കൽ ടീമും ആശുപത്രിയും സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു രീതിയിലുള്ള ചികിത്സാ പിഴവും സംഭവിച്ചിട്ടില്ല, മറിച്ച് തികച്ചും അപൂർവ്വമായി സംഭവിക്കാവുന്ന  സങ്കീർണ്ണത മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും സംഘടന പറയുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News