ഏഷ്യയുടെ പട്ടിണി മാറ്റിയ നെല്ലിനം; നിസ്സാരക്കാരനല്ല ഐആര്‍ എട്ട്
ഒരു ഹെക്ടറിൽ അഞ്ച് ടണ്ണോളം ഉൽപാദനം ലഭിച്ച ഈ നെൽവിത്തിനെ അത്ഭുത നെല്ല് എന്നും വിളിക്കുന്നുണ്ട്
1966ൽ ഫിലിപ്പൈൻസിലെ അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ആദ്യമായി വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള സങ്കര നെല്ലിനമാണ് 'ഐആര്‍-8'. ഒരു ഹെക്ടറിൽ അഞ്ച് ടണ്ണോളം ഉൽപാദനം ലഭിച്ച ഈ നെൽവിത്തിനെ അത്ഭുത നെല്ല് എന്നും വിളിക്കുന്നുണ്ട്. ഒരു കാലത്ത് രാജ്യത്തെ പാടശേഖരങ്ങളിൽ നിറഞ്ഞുനിന്നത് ഐആർ എട്ടായിരുന്നു.
ഇന്ത്യയെ നെല്‍ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാക്കിയ അത്ഭുതവിത്തായിരുന്നു ഐആര്‍ 8.1967 ല്‍ 29 കാരനായ ഡോ.എന്‍.സുബ്ബറാവു വെസ്റ്റ് ഗോദാവരിയിലെ 2000 ഹെക്ടര്‍ പാടത്ത് വിത്തിട്ടതോടെയാണ് ഐആര്‍ 8 ഇന്ത്യയിലേക്ക് കടന്നുവന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ കൊടുംപട്ടിണി അനുഭവിച്ച് 1960 കളിലാണ് പുത്തന്‍ വിത്തിനായുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയത്.പീറ്റര്‍ ജന്നിംഗ് എന്ന റൈസ് ബ്രീഡറുടെ നേതൃത്വത്തില്‍ ചൈന,തായ്‍വാൻ,ഇന്‍ഡോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിത്തുകള്‍ ശേഖരിച്ച് 38 ക്രോസ് പോളിനേഷനുകള്‍ നടത്തിയായിരുന്നു പരീക്ഷണം.
വര്‍ഷങ്ങള്‍ക്കു ശേഷം ജന്നിംഗിനൊപ്പം പ്രവര്‍ത്തിച്ച ഹെന്‍റി എം.ബേച്ചെലാണ് ഡീ-ജിയോ-വൂ-ജെന്നും(Dee-Geo-woo-gen) പേട്ട(Peta) ഇനവും ക്രോസ് ചെയ്ത് ഐആര്‍8-288-3 തയ്യാറാക്കി ഫിലിപ്പൈന്‍സില്‍ പരീക്ഷിച്ചത്. ഫലം അത്ഭുതമുളവാക്കുന്നതായിരുന്നു. 88 കിലോ വിത്തില്‍ നിന്നും 71 ടണ്ണാണ് കൊയ്തത്. 1966 ല്‍ IRRI ഫിലിപ്പൈന്‍സിലെ കര്‍ഷകര്‍ക്ക് വിത്ത് സൗജന്യമായി നല്‍കി. പരീക്ഷണം വന്‍വിജയമായതോടെ ലോകം മുഴുവനും ഈ അത്ഭുതവിത്തിനായി കാത്തിരുന്നു. അങ്ങിനെ IRRI പുതിയ വിത്തിന് ഐആര്‍ 8 എന്നു പുനര്‍നാമകരണം ചെയ്ത് ലോകമാകെയുള്ള നെല്‍കര്‍ഷകര്‍ക്ക് എത്തിച്ചുകൊടുത്തു.
കാര്‍ഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥനായിരുന്നു ഐആര്‍ എട്ടിന്‍റെ മറ്റൊരു പ്രചാരകൻ. തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലയിലെ ഗണേശന്‍ എന്ന കര്‍ഷകന്‍ മുന്‍വര്‍ഷം ഹെക്ടറിന് 2 ടണ്‍ വിളഞ്ഞിടത്ത് IR8 16 ടണ്‍ നല്‍കിയതിന്‍റെ സന്തോഷത്തില്‍ സ്വന്തം കുഞ്ഞിന് അയ്യാറെട്ട് എന്ന പേര് നൽകിയ സംഭവവും ഉണ്ടായിട്ടുണ്ട്. കീടങ്ങളെ പ്രതിരോധിക്കുന്ന ഐആര്‍എട്ട് 105 ദിവസം കൊണ്ട് വിളയുമായിരുന്നു. വലിപ്പം കുറവായതിനാല്‍ കാറ്റില്‍ ഒടിഞ്ഞുവീഴാനുള്ള സാധ്യതയും കുറവായിരുന്നു. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പിന്നീട് ഇതേ രീതിയില്‍ IR 20,IR 36,IR 50 ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ നിരവധി നെല്ല് ഗവേഷണ കേന്ദ്രങ്ങളുണ്ട്. 1927 ൽ സ്ഥാപിതമായ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രമാണ് ഇതിൽ പ്രധാനം. ഏറെ ജനകീയമായ അന്നപൂർണ നെല്ലിനം ഇവിടെ വികസിപ്പിച്ചതാണ്. മങ്കൊമ്പ്, മണ്ണുത്തി, വൈറ്റില, അമ്പലവയൽ, കായംകുളം എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ. ജ്യോതി , കാഞ്ചന, മട്ടത്രിവേണി, ഹ്രസ്വ, ഉമ, ശ്രേയസ് തുടങ്ങി നൂറ് കണക്കിന് നെല്ലിനങ്ങളാണ് കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങളിൽ വികസിപ്പിച്ചെടുത്തത്. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ മാത്രം ഇതുവരെ 62 നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തു. 2018ലാണ് ഏറ്റവും പുതിയ നെല്ലിനങ്ങൾ വികസിച്ചത്. അക്ഷയ, സുപ്രിയ എന്നീ പേരുകളിലാണ് പുതിയ നെല്ലിനങ്ങൾ അറിയപ്പെടുന്നത്.