വൈറലായ അമൂൽ പെൺകുട്ടി ശശി തരൂരിന്റെ സഹോദരിയോ? കമ്പനി പറയുന്നത് ഇങ്ങനെ

ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ സഹോദരി ശോഭ തരൂരാണ് ആ പെൺകുട്ടി എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു

Update: 2025-08-27 04:10 GMT

ന്യൂഡൽഹി: അമൂൽ എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ വരുന്നത് ഒരു കുഞ്ഞ് പെൺകുട്ടിയുടെ ചിത്രമാണ്. ബട്ടർ നുണയുന്ന പെൺകുട്ടിയുടെ ചിത്രം ആളുകൾ ഏറ്റെടുത്തത് മുതൽ അതാരാണ് എന്നറിയാനുള്ള അന്വേഷണവും ഒപ്പമുണ്ട്. ഈ കുട്ടി വളർന്ന് വലുതായി ഇപ്പോൾ എന്തുചെയ്യുന്നു എന്നറിയാനും ആളുകൾക്ക് കൗതുകമുണ്ട്. എന്നാൽ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ സഹോദരി ശോഭ തരൂരാണ് ആ പെൺകുട്ടി എന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ശോഭ തരൂർ ശ്രീനിവാസന്റെ ബാല്യകാല ഫോട്ടോയിൽ നിന്നാണ് ഈ കഥാപാത്രത്തിന് പ്രചോദനമായതെന്ന് വൈറലായ ഒരു വിഡിയോയെ തുടർന്ന് നീല മുടിയുള്ള ഭാഗ്യചിഹ്നം ശശി തരൂരിന്റെ സഹോദരിയുടെ മാതൃകയിൽ നിർമിച്ചതാണെന്ന അവകാശവാദം അമൂൽ തള്ളി. 'അമൂൽ ഗേൾ ചിത്രീകരണത്തിന് ശ്രീമതി ശോഭ തരൂരിന്റെ സ്വാധീനമില്ലെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. സിൽവസ്റ്റർ ഡാകുഞ്ഞയും ചിത്രകാരൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് അമുൽ ഗേൾ സൃഷ്ടിച്ചത്.' അമൂൽ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

1960 കളിൽ അമൂലിന്റെ അന്നത്തെ പരസ്യ മേധാവിയായിരുന്ന സിൽവസ്റ്റർ ഡാകുഞ്ഞ തന്റെ സുഹൃത്ത് ചന്ദ്രൻ തരൂരിനോട് തന്റെ കുട്ടികളുടെ ചിത്രങ്ങൾ ആവശ്യപ്പെട്ടതായി വിഡിയോയിൽ അവകാശപ്പെടുന്നു. വിഡിയോയിൽ പറയുന്നതനുസരിച്ച് 10 മാസം പ്രായമുള്ള ശോഭയുടെ ഫോട്ടോകളിലൊന്നാണ് അമൂൽ പെൺകുട്ടിക്ക് പ്രചോദനമായത്.

1961-ൽ ധവള വിപ്ലവം ആരംഭിച്ച സമയത്ത് അമൂലിന്റെ പരസ്യ ഏജൻസി അവരുടെ പാൽപ്പൊടി പാക്കറ്റിൽ ഒരു പെൺകുഞ്ഞിനെ തിരയുകയായിരുന്നു. 700-ലധികം എൻട്രികൾ നിരസിച്ച ശേഷം അവർ കുഞ്ഞ് ശോഭ തരൂരിനെ തെരഞ്ഞെടുത്തു. അങ്ങനെ അവർ ആദ്യത്തെ അമുൽ കുഞ്ഞുങ്ങളിൽ ഒരാളായി. പിന്നീട്, പരസ്യങ്ങൾ നിറങ്ങളിൽ വന്നപ്പോൾ അവരുടെ ഇളയ സഹോദരി സ്മിത ആദ്യത്തെ നിറത്തിലുള്ള അമൂൽ കുഞ്ഞുമായി. വൈറലായ ഈ ക്ലിപ്പിനോട് പ്രതികരിച്ചുകൊണ്ട് താനും സഹോദരിയും കുഞ്ഞുങ്ങളായിരിക്കെ അമൂലിന്റെ കാമ്പെയ്‌നുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും അവരുടെ ഫോട്ടോകൾ എടുത്തത് ചലച്ചിത്ര നിർമാതാവ് ശ്യാം ബെനഗലാണെന്നും ശോഭ ശ്രീനിവാസൻ എക്‌സിൽ സ്ഥിരീകരിച്ചു.

'അതെ, ഞാൻ ആദ്യത്തെ അമൂൽ കുഞ്ഞായിരുന്നു' ശോഭ ശ്രീനിവാസൻ എഴുതി. 'അതെ, #ShyamBenegal ആണ് ഫോട്ടോകൾ എടുത്തത്. എന്റെ സഹോദരി @SmitaTharoor രണ്ടാമത്തെ കളർ കാമ്പെയ്‌നിൽ ഉണ്ടായിരുന്നു.' എന്നാൽ തന്റെ ഫോട്ടോയാണോ ഫെർണാണ്ടസിന്റെ പിൽക്കാല ഭാഗ്യചിഹ്ന സൃഷ്ടിക്ക് നേരിട്ട് പ്രചോദനമായതെന്ന് തനിക്ക് ഉറപ്പില്ലെന്നും അവർ പറഞ്ഞു. തന്റെ സഹോദരിമാരെ അമൂൽ കുഞ്ഞുങ്ങളായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ശശി തരൂർ തന്നെ മുമ്പ് എഴുതിയിട്ടുണ്ട്. പിന്നീട് ശശി തരൂർ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചതിന് ശേഷം ബ്രാൻഡിന്റെ ഒരു കാർട്ടൂൺ പരസ്യത്തിലും പ്രത്യക്ഷപ്പെട്ടു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News