ദേശീയ പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍; ചികിത്സാ ആനുകൂല്യങ്ങള്‍ നഷ്ടമാകാരുതെന്ന് മന്ത്രി വീണാ ജോർജ്

രോഗികള്‍ക്ക് ചികിത്സാ സൗജന്യം മുടങ്ങാതിരിക്കാന്‍ ആശുപത്രികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി

Update: 2023-09-19 11:21 GMT
Editor : abs | By : Web Desk

തിരുവനന്തപുരം: കാസ്പ് പദ്ധതി നടപ്പിലാക്കുന്ന ദേശീയ പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. ആശുപത്രികള്‍ രോഗികളുടെ കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള യോഗ്യത ഉറപ്പുവരുത്തുകയും, അതാത് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ അപ്രൂവല്‍ എടുത്തിനുശേഷം രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതുമാണ്. രോഗികള്‍ക്ക് ചികിത്സാ സൗജന്യം മുടങ്ങാതിരിക്കുവാന്‍ ആശുപത്രികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Advertising
Advertising

ആശുപത്രികള്‍ അതാത് ജില്ലാ കോര്‍ഡിനേറ്റര്‍മാരില്‍ നിന്നും ചികിത്സ ആനുകൂല്യത്തിനുളള അപ്രൂവല്‍ ഇ-മെയില്‍ വഴി എടുക്കേണ്ടതും, പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുറക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. പോര്‍ട്ടലിലെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് എത്രയും വേഗം പരിഹരിക്കുവാന്‍ ശ്രമിക്കുന്നതാണെന്ന് എസ്.എച്ച്.എ. അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ കാസ്പ് പദ്ധതി നടപ്പിലാക്കുന്നത് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഐ.ടി സിസ്റ്റം ഉപയോഗിച്ചാണ്. 14.09.2023 ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ ഐ.ടി സിസ്റ്റത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗുണഭോക്താവിന് കാര്‍ഡ് നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന ബിഐഎസ് എന്ന പോര്‍ട്ടലിന്റെ പുതുക്കിയ പതിപ്പാണ് 14.09.2023ന് നിലവില്‍ വന്നത്. ഈ പോര്‍ട്ടലില്‍ കേരളത്തിലെ മുഴുവന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല. നിലവില്‍ സ്റ്റേറ്റ് നടത്തുന്ന പദ്ധതികളായ കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യ കിരണം തുടങ്ങി പദ്ധതികള്‍ ഈ പോര്‍ട്ടിലേക്ക് അപ്ഡേറ്റ് ആയിട്ടില്ല. ഇതു കൂടാതെ ഗുണഭോക്തവിന്റെ കാര്‍ഡ് പുതുക്കുന്ന രീതിയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News