എംഎസ്എഫിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

'ഇടത്‌ ഹിന്ദുത്വ എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് സി.ദാവൂദ്'

Update: 2025-08-18 13:33 GMT
Editor : നബിൽ ഐ.വി | By : Web Desk

കണ്ണൂർ: ജമാഅത്തെ ഇസ്‌ലാമി പിറകിൽ നിന്ന് നിയന്ത്രിക്കുന്ന സംഘമായി എംഎസ്എഫ് മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങളും പദാവലികളുമാണ് അവർ ഉപയോഗിക്കുന്നത്. എംഎസ്എഫ് വർഗീയ സംഘടനയാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായും പി.കെ നവാസ് തികഞ്ഞ വർഗീയവാദിയാണെന്നും പി.എസ് സഞ്ജീവ് പറഞ്ഞു. കണ്ണൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്‌ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും എംഎസ്എഫ് എല്ലാവിധ ഇടപെടലുകൾക്കുമുള്ള സ്ഥാനം നൽകുന്നു. അതിന്റെ നാവായി എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് മാറുകയാണ്. ഇന്നലെ വാർത്താ സമ്മേളനത്തിൽ ഇടത് ഹിന്ദുത്വ എന്ന വാക്ക് പി.കെ നവാസ് ഉപയോഗിച്ചു. സി.ദാവൂദ് ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. സി.ദാവൂദിൻ്റെ ജിഹ്വയായി മാറിയിരിക്കുകയാണ് പി.കെ നവാസ്.

Advertising
Advertising

ഹിന്ദു ഐക്യ വേദി നേതാവ് ശശികല തനിക്ക് പിന്തുണയുമായി വന്നത് എംഎസ്എഫിനെ രക്ഷിക്കാനാണെന്നും സഞ്ജീവ് പറഞ്ഞു. എല്ലാ തരം വർഗീയവാദികളും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ ഭാഗമാണത്. എസ്എഫ്ഐ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻ്റെ പേരിലാണ് എംഎസ്എഫിനെതിരായ ആരോപണങ്ങളെന്നത് ശരിയല്ല. എസ്എഫ്ഐ മുമ്പും തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടുണ്ട്. 2017 മുതൽ എംഎസ്എഫിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതയെയാണ് തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. പി.കെ നവാസ് നേതൃത്വത്തിൽ വന്നതിന് ശേഷമാണ് ഇത് തുടങ്ങുന്നത്. എംഎസ്എഫ് ഇപ്പോൾ കെഎസ്‌യുവിനെയും വിഴുങ്ങുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് - സഞ്ജീവ് തുടർന്നു.

മുസ്‌ലിം ജനവിഭാഗത്തിന്റെ അട്ടിപ്പേറവകാശം എംഎസ്എഫിനില്ലെന്നും, എംഎസ്എഫിന്റെ വർഗീയത തുറന്നുകാട്ടുമെന്നും പി.എസ് സഞ്ജീവ് പറഞ്ഞു. സംഘ്പരിവാർ വിരുദ്ധ സമരങ്ങളിൽ എംഎസ്എഫിനെ കാണാൻ പോലും കിട്ടില്ല. സംഘ്പരിവാറുമായി നേർക്കുനേർ പോരാടുന്നത് എസ്എഫ്ഐ ആണ്. സിറാത്ത് പാലം കടക്കില്ലെന്ന് പറഞ്ഞാണ് എംഎസ്എഫ് മുസ്‌ലിം വിദ്യാർത്ഥികളെ ഭയപ്പെടുത്തുന്നത്. സിറാത്ത് പാലത്തിൽ എംഎസ്എഫ് ടോൾ ഉണ്ടോയെന്നും പി.എസ് സഞ്ജീവ് ചോദിച്ചു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News