'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം': പീഡനാരോപണം നിഷേധിച്ച് ജയസൂര്യ

നിയമനടപടികളുമായി മുന്നോട്ട് പോകും, സത്യം വിജയിക്കുമെന്നും ജയസൂര്യ

Update: 2024-09-01 03:52 GMT
Editor : ദിവ്യ വി | By : Web Desk

തിരുവനന്തപുരം: തനിക്കെതിരായ പീഡനാരോപണം നിഷേധിച്ച് നടൻ ജയസൂര്യ രംഗത്ത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അത് തന്റെ കുടുബംത്തെ ദുഃഖത്തിലാക്കിയെന്നും ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം പിറന്നാൾ ദിനത്തിലാണ് ജയസൂര്യയുടെ കുറിപ്പ് പുറത്തുവരുന്നത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുംനീതി ന്യായ വ്യവസ്ഥയിൽ പൂർണമായും വിശ്വസിക്കുന്നുണ്ടെന്നും സത്യം വിജയിക്കുമെന്നും ജയസൂര്യ പറയുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ... പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ വിശദീകരണകുറിപ്പിൽ വ്യക്തമാക്കി. ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും എപ്പോൾ വേണമെങ്കിലും ഉന്നയിക്കാമെന്നും മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂവെന്നും ജയസൂര്യ. ജയസൂര്യക്കെതിരെ നിലവില്‍ രണ്ട് പീഡന പരാതികളാണുള്ളത്. 

Advertising
Advertising

കുറിപ്പിന്‍റെ പൂർണരൂപം....

ഇന്ന് എന്റെ ജന്മദിനം, ആശംസകൾ നേർന്ന് സ്‌നേഹപൂർവ്വം കൂടെ നിന്ന എല്ലാവർക്കും നന്ദി,...

വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരുമാസത്തോളമായി ഞാൻ കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്കു നേരെ രണ്ട് വ്യാജ പീഡനാരോപണങ്ങൾ ഉണ്ടാകുന്നത്. സ്വാഭാവികമായും മറ്റേതൊരു വ്യക്തിയേയും പോലെ അത് എന്നെയും തകർത്തു. എന്റെ കുടുംബാംഗങ്ങളെ അഗാധമായ ദുഃഖത്തിലാഴ്ത്തി. എന്നെ ചേർത്തു നിർത്തിയ ഓരോരുത്തർക്കും അത് വല്ലാത്തൊരു മുറിവായി വേദനയായി. മരവിപ്പുകൾക്ക് ഒടുവിൽ ഞാൻ നിയമ വിദഗ്ധരുമായി കൂടിയാലോചനകൾ നടത്തി. ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിച്ചുകൊള്ളും.

ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കു നേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടി വരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്കും, നുണ ലോക സഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്. ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും. നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിനം ഏറ്റവും ദുഃഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി.

' പാപം ചെയ്യാത്തവർ കല്ലെറിയട്ടെ..... പാപികളുടെ നേരെ മാത്രം' ....

Full View

അതേസമയം സിനിമാ മേഖലയിലെ സ്ത്രീകൾ നൽകിയ ലൈംഗിക പീഡന പരാതികളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. പ്രാഥമികാന്വേഷണം നടത്തി വിശ്വാസ്യത ഉറപ്പുവരുത്തിയ പരാതികളിൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ നടന്മാരായ ഇടവേള ബാബുവിനെതിരെയും സുധീഷിനെതിരെയും കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തത്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News