കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ ബംഗാൾ സ്വദേശി ജെതൻ ദാസ് അതീവ ഗുരുതരാവസ്ഥയിൽ
അപകടത്തിൽ ബംഗാൾ സ്വദേശി ഗോബിന്ദ ദാസിനും രാമൻകുളങ്ങര സ്വദേശി അനൂപിനും ജീവൻ നഷ്ടമായിരുന്നു
കൊല്ലം: കൊല്ലം കാവനാട് വാഹനാപകടത്തിൽ പരിക്കേറ്റ ബംഗാൾ സ്വദേശി ജെതൻ ദാസ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. അപകടത്തിൽ ബംഗാൾ സ്വദേശി ഗോബിന്ദ ദാസിനും രാമൻകുളങ്ങര സ്വദേശി അനൂപിനും ജീവൻ നഷ്ടമായിരുന്നു. അനൂപ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാൽനട യാത്രികരെ ഇടിക്കുകയായിരുന്നു. അതേസമയം ജില്ലാ ആശുപത്രിയിൽ ആക്രമണം നടത്തിയ അനൂപിന്‍റെ സുഹൃത്തുക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ രാത്രി 8 മണിയോടെ ആണ് കാവനാട് മുക്കാട് വച്ച് അനൂപ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. കാൽനട യാത്രക്കാരായ ബംഗാൾ സ്വദേശി ഗോബിന്ദ ദാസിനെയും മകൻ ജെതൻ ദാസിനെയും ഇടിച്ചിട്ട ശേഷം ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിന്നു.
മൂന്ന് പേരെയും കൊല്ലം ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടു. ആശുപത്രിയിൽ എത്തിയ അനൂപിന്‍റെ സുഹൃത്തുക്കൾ ചില്ല് അടിച്ചു തകർക്കുകയും വനിത ജീവനക്കാരിക്ക് പരിക്കേൽക്കുകയും ചെയ്തു.
അനൂപിന് ജില്ലാ ആശുപത്രിയിൽ വേണ്ട ചികിത്സ നൽകിയില്ലെന്ന് ആണ് സുഹൃത്തുക്കളുടെ പരാതി. ഗുരുതരമായി പരിക്കേറ്റ ജെതൻ ദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിലും ആശുപത്രിയിലെ ആക്രമണത്തിലും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.