'ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം വാങ്ങുന്നില്ല'; സർക്കാർ വിശദീകരണം നൽകുമെന്ന് കെ.ജയകുമാര്‍
ദേവസ്വം ബോർഡിന്റെ ആക്റ്റിനെതിരെയാണ് കെ. ജയകുമാറിന്റെ നിയമനമെന്ന് ഹരജി ബി.അശോക് പ്രതികരിച്ചു
തിരുവനന്തപുരം: അയോഗ്യനാക്കണമെന്ന ബി.അശോകിന്റെ ഹരജിയിൽ സർക്കാർ വിശദീകരണം നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ.ജയകുമാർ. 'സർക്കാർ തീരുമാനത്തിനെതിരെയാണ് അശോകിന്റെ ഹരജി.താത്കാലിക ചുമതലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻ്റ് ഇൻ ഗവണ്മെൻ്റ് സ്ഥാപനത്തില്‍ ഡയറക്ടറായിരിക്കുന്നത്. ഐഎംജി ഡയറക്ടർ പദവി ഒഴിയുമെന്നും പുതിയ പുതിയ ഡയറക്ടർ വരുന്നതുവരെ താൽക്കാലിക ചുമതലയാണ്. സർക്കാർ തീരുമാനം എടുക്കട്ടെ, ഒരു ജോലി വിട്ടെറിഞ്ഞ് വരാൻ പറ്റില്ലല്ലോ.ഐഎംജി സ്വതന്ത്ര സ്ഥാപനമാണ്.ദേവസ്വം ബോർഡിൽ നിന്ന് ശമ്പളം വാങ്ങുന്നില്ല..' ജയകുമാർ പ്രതികരിച്ചു.
സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ ആകുന്നതിന് അയോഗ്യതയുണ്ടെന്നാണ് സംസ്ഥാന കാർഷിക ഉല്പാദന കമ്മിഷണർ ഡോ. ബി. അശോകിന്‍റെ ഹരജിയില്‍ പറയുന്നത്.
ദേവസ്വം ബോർഡിന്റെ ആക്റ്റിനെതിരെയാണ് കെ ജയകുമാറിന്റെ നിയമനമെന്ന് ബി അശോക് പ്രതികരിച്ചു. സർക്കാർ ജീവനക്കാരന് ദേവസ്വം ബോർഡ് അംഗമായിരിക്കാൻ കഴിയില്ലെന്നും ബി.അശോക് മീഡിയവണിനോട് പറഞ്ഞു.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഹരജി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.ഹരജിയിൽ കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സർക്കാരിനും തിരുവനന്തപുരം ജില്ലാ കോടതി നോട്ടീസ് അയച്ചു.