"ഏതറ്റം വരെയും പോകും, ഷുഹൈബ് വധക്കേസ് ഒതുക്കിത്തീർക്കാമെന്ന് കരുതേണ്ട"

കണക്ക് പറയിപ്പിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു

Update: 2023-02-18 11:20 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒതുക്കിത്തീർക്കാൻ കോൺഗ്രസ് ഒരിക്കലും സമ്മതിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കേസ് ജയിക്കാൻ ഏതറ്റം വരെയും പോകുമെന്നും മുരളീധരൻ പറഞ്ഞു. രണ്ടുകോടിയിലധികം രൂപയാണ് കൊലപാതകികളെ സംരക്ഷിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത്. ഇതിന്റെ കണക്ക് ഞങ്ങൾ പറയിപ്പിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. 

"പാർട്ടിക്ക് കൊലപാതകത്തിൽ പങ്കില്ലെങ്കിൽ സിബിഐ അന്വേഷണം നടത്തിയാൽ എന്തായിരുന്നു കുഴപ്പം. ഇതുകൊണ്ടൊക്കെയാണ് ആകാശ് തില്ലങ്കേരി പാർട്ടി നിർദ്ദേശം അനുസരിച്ച് പ്രവർത്തിച്ചുവെന്ന് പറയുന്നത്. ആകാശ് തില്ലങ്കേരി പി ജയരാജന്റെ സൈബർ പോരാളിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ജയരാജന് വേണ്ടി വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം പ്രവർത്തിച്ചയാളാണ് ഇയാൾ. സ്വയം കീഴടങ്ങുകയല്ലേ തില്ലങ്കേരി ചെയ്തത്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്‌താൽ അയാൾ പലതും വിളിച്ചുപറയും. പല കറുത്ത കാര്യങ്ങളും ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്"; മുരളീധരൻ കൂട്ടിച്ചേർത്തു. 

ഇതിനിടെ ആകാശ് തില്ലങ്കേരിയ്ക്ക് മുന്നിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളുടെ മുന്നിൽ സിപിഎം വിറയ്ക്കുകയാണ്. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നത്. പാർട്ടിയിലെ ജീർണതകൾ ഓരോന്നായി പുറത്ത് വരികയാണെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ ചൊവ്വാഴ്ച കണ്ണൂരിൽ പ്രവേശിക്കാനിരിക്കെ വിവാദങ്ങൾ അവസാനിപ്പിക്കാൻ തില്ലങ്കേരിയിൽ സിപിഎം പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് മേൽ ആക്ഷേപങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദീകരണ യോഗം.തിങ്കളാഴ്ച വൈകിട്ട് തില്ലങ്കേരിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News