കേരളീയത്തിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകരെ രക്ഷിക്കാമായിരുന്നു-കെ.സുധാകരന്‍

പാവങ്ങളെ മരണത്തിനുവിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാറെന്നും സുധാകരൻ പറഞ്ഞു.

Update: 2023-11-11 13:07 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ മരിച്ച കെ.ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ മരണമുഖത്തുനിന്ന് രക്ഷിക്കാനാകുമായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. പാവങ്ങളെ മരണത്തിനു വിട്ട് ആഘോഷം നടത്തുന്ന ക്രൂരതയുടെ പര്യായമാണ് പിണറായി സര്‍ക്കാറെന്നും സുധാകരൻ പറഞ്ഞു.

"വണ്ടനാത്ത് മാസങ്ങള്‍ക്ക് മുമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി, മണ്ണുണങ്ങുന്നതിന് മുമ്പാണ് മറ്റൊരു കര്‍ഷകനും മരിച്ചത്. കര്‍ഷകരെ കുരുതികൊടുക്കുന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ ആഴമേറിയ പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം" സുധാകരൻ കൂട്ടിച്ചേർത്തു. 

Advertising
Advertising

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയ അമ്മമാര്‍ പിച്ചയെടുക്കുകയും ഊട്ടിയ ചോറിന്റെ കൂലിക്കായി കുടുംബശ്രീ അംഗങ്ങള്‍ തെരുവില്‍ സമരവുമായി ഇറങ്ങുകയും ചെയ്തിട്ടും പിണറായി വിജയന്റെ കണ്ണുതുറക്കില്ല. മൂന്നു മാസമായി ജനകീയ ഹോട്ടലുകള്‍ക്ക് സബ്‌സിഡി നൽകിയിട്ട്. പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരാണ് പ്രതിസന്ധിയില്‍. നവകേരള സദസ് സംഘടിപ്പിക്കാന്‍ വലിയ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുന്ന സഹകരണ സംഘങ്ങളെ കുത്തിപ്പിഴിയുന്നു. സഹകരണ സംഘങ്ങള്‍ തകര്‍ന്നാല്‍ കേരളം തകരുമെന്ന് തുഗ്ലക്ക് ഭരണാധികാരികള്‍ എന്നു തിരിച്ചറിയുമെന്ന് സുധാകരന്‍ ചോദിച്ചു.

സാധാരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോയിലെ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടുന്നതോടെ ജനജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. സപ്ലൈക്കോയ്ക്ക് 1525 കോടിയാണ് നൽകാനുള്ളത്. എവിടെ നോക്കിയാലും കടവും ധൂര്‍ത്തും അഴിമതിയും മാത്രമാണുള്ളതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News