'ലോക്കല്‍ സെക്രട്ടറി കൊലവിളി മുദ്രാവാക്യം മുഴക്കി'; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കല രാജു
സ്വന്തം പാര്‍ട്ടിക്കാരാണ് തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തതെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കല രാജു
കൊച്ചി: സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കല രാജു. ലോക്കല്‍ സെക്രട്ടറി കൊലവിളി മുദ്രാവാക്യം മുഴക്കിയെന്നും തിരികെ നാട്ടിലേക്ക് പോകാന്‍ ഭയമുണ്ടെന്നും കല രാജു പ്രതികരിച്ചു. പാര്‍ട്ടിയില്‍ തുടരണമോ എന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് ഇതുവരരെ തന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും കലാ രാജു പറഞ്ഞു. എന്നാല്‍, മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ നടന്ന കുതിരക്കച്ചവടത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകരാണ് കലയെ ആക്രമിച്ചതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.
സ്വന്തം പാര്‍ട്ടിക്കാരാണ് തന്നെ ആക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്തതെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കല രാജു. തന്നെ കോണ്‍ഗ്രസ് ഒളിപ്പിച്ചതാണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതരമാണെന്നും കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയ പാര്‍ട്ടിയില്‍ തുടരണമോ എന്ന കാര്യം ആലോചിക്കുമെന്നും കല രാജു പ്രതികരിച്ചു.
കല രാജുവിന്‍റെ ആരോപണങ്ങളെ പ്രതിരോധിക്കാനുളള ശ്രമത്തിലാണ് സിപിഎം. കുതിരക്കച്ചവടത്തിനിടെ യുഡിഎഫ് പ്രവര്‍ത്തകരാണ് കലയെ ആക്രമിച്ചതെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.അതേസമയം, കല രാജുവിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താനുളള തീരുമാനത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കുമെന്ന് റൂറല്‍ എസ്‍പി വ്യക്തമാക്കിയിരുന്നു.