കേസ് സ്വയം വാദിക്കുമെന്ന് ഡൊമിനിക് മാർട്ടിൻ; നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

പ്രതിക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി

Update: 2023-10-31 14:36 GMT
Advertising

കൊച്ചി: കളമശേരി സ്‌ഫോടനകേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 29 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പ്രതിക്കെതിരായ ആരോപണം ഗുരുതരമെന്ന് കോടതി പറഞ്ഞു. കേസിൽ സ്വയം വാദം നടത്തുമെന്നും സ്വന്തം ശബ്ദത്തിൽ സംസാരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പ്രതി മാർട്ടിൻ കോടതിയോട് പറഞ്ഞു. ഡൊമിനിക്കിന് വേണ്ടി ലീഗൽ സർവീസസ് അതോറിറ്റിയിൽ നിന്നുളള അഭിഭാഷകർ ഹാജരായിരുന്നുവെങ്കിലും വേണ്ടെന്ന് പ്രതി കോടതിയെ അറിയിക്കുകയായിരുന്നു. മാർട്ടിനെ കാക്കനാട്‌ ജില്ലാ ജയിലിലേക്ക് മാറ്റും. മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനും കോടതി അനുമതി നൽകി.

അത്താണിയിലെ അപ്പാർട്ട്‌മെന്റിൽ പ്രതിയുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ പ്രതി മാർട്ടിനുമായി നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തിയതായാണ് വിവരം. ഐഇഡി നിർമിക്കാൻ ഉപയോഗിച്ച ബാറ്ററി, വയർ എന്നിവയാണ് കണ്ടെത്തിയത്. ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയും നടത്തി.

അതേസമയം, ഡൊമിനിക് മാർട്ടിൻ സ്ഫോടനത്തിന് പദ്ധതിയിട്ട വിവരം മറ്റൊരാൾക്ക് കൂടി അറിവ് ഉണ്ടായിരുന്നതായി സൂചനയുണ്ട്. പ്രതി മാർട്ടിന്റെ ഭാര്യ നൽകിയ മൊഴിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭാര്യയുടെ മൊഴി തമ്മനത്തെ വീട്ടിലെത്തി വീണ്ടും പൊലീസ് രേഖപ്പെടുത്തി.

കളമശ്ശേരി സ്ഫോടന കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന പൊലീസ് പരിശോധനകൾക്കിടയിലാണ് പ്രതി ഡൊമനിക് മാർട്ടിന്റെ ഭാര്യയുടെ നിർണായക മൊഴി. സംഭവത്തിന്റെ തലേ ദിവസം ഡോമനിക് മാർട്ടിന്റെ ഫോണിലേക്ക് ഒരു കോൾ വന്നെന്നും ഇതിനു പിന്നാലെ ഇയാൾ ആസ്വസ്ഥനായിയെന്നും ഭാര്യ പൊലീസിന് മൊഴി നൽകി. ആരാണെന്ന് വിളിച്ചതെന്ന് തുടർച്ചയായി ചോദിച്ചപ്പോൾ ക്ഷോഭിച്ചു. നാളെ ഒരിടത്ത് വരെ പോകാനുണ്ടെന്നും അതിനു ശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നു പ്രതി പറഞ്ഞിരുന്നതായി ഭാര്യ മൊഴി നൽകി. ഡൊമിനിക്കിനെ ഫോണിൽ വിളിച്ച ആൾക്ക് സ്ഫോടനത്തെ കുറിച്ച് അറിവുണ്ടെന്ന സംശയത്തിലാണ് പൊലീസ്. അതിനാൽ ഈ ഫോൺ കോളിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. തനിക്ക് മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കുള്ളതെന്നാണ് പ്രതി ആവർത്തിക്കുന്നത്. എന്നാൽ ഇത് വിശ്വാസത്തിൽ എടുക്കാതെയാണ് അന്വേഷണം തുടരുന്നത്.

യഹോവയുടെ സാക്ഷികൾ സംഘടനയുടെ പ്രവർത്തനങ്ങളോടുള്ള വിയോജിപ്പാണ് സ്ഫോടനത്തിന് പിന്നിലെ കാരണമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടത് ഉണ്ടെന്നാണ് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പറയുന്നത്.


Full View


Kalamassery blast: Accused Dominic Martin remanded

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News