മലേഷ്യൻ ഗവൺമെന്റിന്റെ അന്താരാഷ്ട്ര ഹിജ്‌റ പുരസ്‌കാരം കാന്തപുരത്തിന്

പുരസ്‌കാരം മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ സമ്മാനിച്ചു

Update: 2023-08-09 09:18 GMT

മലേഷ്യൻ ഭരണകൂടത്തിന്റെ അന്താരാഷ്ട്ര പുരസ്‌കാരം കാന്തപുരം എ.പി മുസ്‌ലിയാർക്ക് മലേഷ്യൻ രാജാവ് സമ്മാനിക്കുന്നു

Advertising

ക്വാലാലംപൂർ: മലേഷ്യൻ ഗവൺമെൻറിന്റെ അന്താരാഷ്ട്ര ഹിജ്‌റ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക്. ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷാ അവാർഡ് കാന്തപുരത്തിന് സമ്മാനിച്ചു. ദേശീയ തലത്തിലുള്ള പുരസ്‌കാരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് അണ്ടർ്‌സ്റ്റാൻഡിംഗ് മലേഷ്യ മുൻ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ മുനീർ ബിൻ യാക്കൂബിനും സമ്മാനിച്ചു.

ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്‌ലിം പണ്ഡിതർക്കാണ് 2008 മുതൽ എല്ലാ ഹിജ്‌റ വർഷാരംഭത്തിലും മലേഷ്യൻ ഭരണകൂടം ഹിജ്‌റ പുരസ്‌കാരം സമ്മാനിക്കുന്നത്. ഡോ. യൂസുഫുൽ ഖറദാവി, സിറിയൻ പണ്ഡിതൻ ഡോ. വഹബാ മുസ്തഫ അൽ സുഹൈലി, അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽ ഇസ്സ, ഡോ. സാകിർ നായ്ക് തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ ഹിജ്‌റ പുരസ്‌കാരത്തിന് അർഹരായവരിൽ പ്രധാനികൾ.

സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ പുരസ്‌കാരത്തിന്‌ തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്‌ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇസ്‌ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രംഗങ്ങളിൽ വലിയ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. ഇസ്‌ലാമിക അധ്യാപനങ്ങൾ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാർത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളിൽ ഏർപ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യഗണങ്ങൾക്ക് അത് പകർന്ന് നൽകുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നൽകുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തി.

ഹിജ്‌റ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോദനമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദർശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുൽ ബുഖാരി പണ്ഡിത സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. രാജ്യത്തെ പ്രമുഖ പണ്ഡിതന്മാർ, വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ, പൗര സംഘടനാ പ്രതിനിധികളടക്കം തിങ്ങിനിറഞ്ഞ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Kanthapuram A.P. Abubakar Musliyar has been awarded the International Hijra Award by the Government of Malaysia.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News