മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ ചൊല്ലി കേരള ബിജെപിയും ആർഎസ്എസും രണ്ട് തട്ടിൽ
രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് ആർ എസ് എസ് വിരുദ്ധമെന്ന് ആരോപണം
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ രണ്ട് തട്ടിലായി സംസ്ഥാനത്തെ ബിജെപിയും ആർഎസ്എസും. രാജ്യ വ്യാപകമായി ആർഎസ്എസും പോഷക സംഘടനകളും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖറിന്റെ നിലപാട് എന്നാണ് ആർഎസ്എസ് ക്യാമ്പിന്റെ വിലയിരുത്തൽ.
ഇത് ദേശീയ തലത്തിൽ ആർഎസ്എസ് നിലപാടിനെ ചോദ്യം ചെയ്യുന്നതാണെന്നും ആർഎസ്എസ് വിലയിരുത്തുന്നു. കെ.സുരേന്ദ്രൻ തന്നെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി രംഗത്ത് വന്നത് ഇതിന്റെ ഭാഗമായാണ്. ക്രൈസ്തവ പ്രീണനത്തിനെതിരെ രംഗത്തെത്തിയ നേതാക്കൾ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും പാർട്ടിയിൽ കലാപം ഉണ്ടാക്കാനാണ് സാധ്യത.
അതിനിടെ, കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിൽ പ്രതിഷേധം ഇന്നും തുടരും. രാവിലെ പത്തരയ്ക്ക് പാർലമെന്റ് കവാടത്തിൽ പ്രതിഷേധം നടത്തുമെന്നു യു ഡി എഫ് എംപിമാർ അറിയിച്ചു.ബിഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനയിൽ 'ഇൻഡ്യാ' സഖ്യ എംപിമാർ ഇന്നും പ്രതിഷേധിക്കും. ഇന്ത്യൻ ഉത്പന്നങ്ങൾ തീരുവ വർധപ്പിച്ച യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടിയിൽ പ്രധാന മന്ത്രി മറുപടി പറയണമെന്ന ആവശ്യവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്.