സംസ്ഥാനത്ത് ഹോർട്ടി വൈൻ വിൽപ്പന നിർത്തിവെച്ചു; പുതിയ മദ്യനയം വരുന്നതുവരെ വിൽപ്പന പാടില്ല
അഡീഷണൽ സെക്രട്ടറി പ്രമോദ് എം.വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വിൽപ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നൽകി. അഡീഷണൽ സെക്രട്ടറി പ്രമോദ് എം.വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ എന്നിവയുൾപ്പെടെ ഒരിടത്തും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോർട്ടി വൈൻ വിൽക്കാൻ പാടില്ല. ഇക്കാര്യം എക്സൈസ് കമ്മീഷണർ കർശനമായി ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ബേക്കറികള് വഴി 15 ശതമാനം വീര്യമുള്ള വൈന് വിൽക്കാൻ അനുമതി നല്കിയ സംഭവം വിവാദമായതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. സര്ക്കാരുമായി ഒരു കൂടിയാലോചനയും നടത്താതെയാണ് ലൈസന്സിന് അനുമതി നല്കിക്കൊണ്ടുള്ള ഉത്തരവിറക്കിയതെന്ന് മന്ത്രി എം.ലിജു വ്യക്തമാക്കിയിരുന്നു.
2024 ജനുവരിയിലാണ് എല്ഡിഎഫ് സര്ക്കാര് അബ്കാരി ചട്ടത്തില് ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആല്ക്കഹോള് വീര്യമുള്ള ഹോര്ട്ടി വൈന് ഉത്പാദിപ്പിച്ച് ഹൈപ്പര്മാര്ക്കറ്റ്, സൂപ്പര്മാര്ക്കറ്റ്, ഷോപ്പിംഗ് മാള്, ബേക്കറി എന്നിവിടങ്ങളിൽ വില്പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്.