ബേക്കറികള് വഴി ഹോര്ട്ടി വൈന് വില്പ്പന; ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറെ മാറ്റി
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് സി.കെ അനില്കുമാറിനെയാണ് മാറ്റിയത്
തിരുവനന്തപുരം: ബേക്കറികള് വഴി ഹോര്ട്ടി വൈന് വില്പ്പനക്ക് സർക്കാരിനെ അറിയിക്കാതെ അനുമതി നല്കിയ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര് സി.കെ അനില്കുമാറിനെ മാറ്റി. പകരം പദവിയൊന്നും കൊടുത്തിട്ടില്ല. എല്ഡിഎഫ് കാലത്ത് നിയമിതനായ ഉദ്യോഗസ്ഥനാണ് അനില്കുമാര്. നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വകുപ്പ് മന്ത്രിയെയും സർക്കാരിനെയും അറിയിച്ചില്ല എന്നതാണ് പ്രധാന വീഴ്ച. വി. സുഭാഷാണ് പുതിയ ഡെപ്യൂട്ടി കമ്മീഷണര്.
ബേക്കറികള് വഴി 15 ശതമാനം വീര്യമുള്ള വൈന് വില്പ്പന നടത്താന് അനുമതി നല്കിയ സംഭവം വിവാദമായതോടെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്ക്കെതിരെ കര്ശന നടപടിയെടുക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കിയിരുന്നു. സര്ക്കാരിനെ അറിയിക്കാതെയാണ് അനുമതി നല്കിയതെന്നും മന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി. ബേക്കറികളിലൂടെ വൈന് വില്പ്പന നടത്താന് അനുമതി ലഭിച്ച വിവരം മാധ്യമങ്ങളിലൂടെയും മറ്റുമാണ് അറിഞ്ഞതെന്നും, ഉടന് തന്നെ എക്സൈസ് കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ബേക്കറികള് വഴി ഹോര്ട്ടി വൈന് വില്ക്കാന് എല്ഡിഎഫ് സര്ക്കാരാണ് അബ്കാരി ചട്ടത്തില് ഭേദഗതി വരുത്തിയതെന്ന് മന്ത്രി ലിജു പറഞ്ഞിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണര്മാര്ക്ക് വില്പ്പനയ്ക്കുള്ള ലൈസന്സ് നല്കാന് ഈ ഉത്തരവ് പ്രകാരം കഴിയും. സര്ക്കാരുമായി ഒരു കൂടിയാലോചനകളും നടത്താതെയാണ് ഇപ്പോള് ഉദ്യോഗസ്ഥ തലത്തില് ലൈസന്സിന് അനുമതി നല്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. ഇക്കാര്യം വകുപ്പ് മന്ത്രിയെന്ന നിലയില് ഗൗരവത്തില് തന്നെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറെ മാറ്റിയത്.
2024 ജനുവരിയിലാണ് എല്ഡിഎഫ് സര്ക്കാര് അബ്കാരി ചട്ടത്തില് ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആല്ക്കഹോള് വീര്യമുള്ള ഹോര്ട്ടി വൈന് ഉത്പാദിപ്പിച്ച് ഹൈപ്പര്മാര്ക്കറ്റ്, സൂപ്പര്മാര്ക്കറ്റ്, ഷോപ്പിംഗ് മാള്, ബേക്കറി എന്നിവകളില് വില്പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്. 10,000 രൂപ വീതം വാര്ഷിക ഫീസ് ഈടാക്കി എക്സൈസ് കമ്മീഷണറുടെ അനുമതിയോടുകൂടി ജോയിന്റ് എക്സൈസ് കമ്മീഷണര്മാര്ക്ക് വില്പ്പനയ്ക്കുള്ള ലൈസന്സ് നല്കാന് ഈ ഉത്തരവ് പ്രകാരം കഴിയും. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്, 2025 നവംബര് 20 ന് ലഭിച്ച അപേക്ഷയില് ഈ വര്ഷം ജൂണ് 21ന് എക്സൈസ് കമ്മീഷണറേറ്റില് നിന്ന് ഒരു ബേക്കറിക്ക് ഹോര്ട്ടി വൈന് വില്ക്കാനുള്ള ലൈസന്സ് അനുവദിക്കുകയായിരുന്നു. എന്നാല്, സര്ക്കാരുമായി ഒരു കൂടിയാലോചനകളും നടത്താതെയാണ് ഉദ്യോഗസ്ഥ തലത്തില് ലൈസന്സിന് അനുമതി നല്കി ഉത്തരവിറക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.