സിപിആര്‍ പാഠ്യവിഷയമാക്കണം, അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങള്‍ വര്‍ധിക്കുന്നു: കെ.ജി.എം.ഒ.എ

ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യത്തെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നല്‍കുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിര്‍വരമ്പ് നിര്‍ണ്ണയിക്കുന്നത്

Update: 2025-09-02 14:41 GMT

തിരുവനന്തപുരം: യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളില്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍ (CPR) പോലുള്ള ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കണമെന്ന് കെജിഎംഒഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സമയബന്ധിതമായി നല്‍കുന്ന സിപിആര്‍ ഒരു ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാല്‍ ആദ്യത്തെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ നല്‍കുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിര്‍വരമ്പ് നിര്‍ണ്ണയിക്കുന്നത്. അതിനാല്‍, സിപിആര്‍ പരിശീലനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് നല്‍കണമെന്ന് കെജിഎംഒഎ. ആവശ്യപ്പെടുന്നു.

Advertising
Advertising

1. ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും കോളേജുകളിലും CPR ഒരു നിര്‍ബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

2. വിവിധ മേഖലകളിലുള്ളവര്‍ക്കായി CPR പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. ഇതില്‍ കോളേജുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, വിവിധ യുവജന സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കുക.

3. തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും ആവശ്യമായ പ്രഥമ ശുശ്രൂഷാ കിറ്റുകളും Automated External Defibrillator (AED) പോലുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കുക.

4. പൊതുജനങ്ങള്‍ക്കായി CPR സംബന്ധിച്ച ബോധവല്‍ക്കരണ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള പ്രചരണോപാധികള്‍ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുക.

പൊതുജനങ്ങളില്‍ സി.പി.ആര്‍.നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും പരിശീലനം നല്‍കുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് കെ.ജി.എം.ഒ.എ. ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News