ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങള്‍: ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ

2008, 2011, 2015 വർഷത്തെ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Update: 2021-05-29 05:23 GMT
Advertising

സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി റദ്ദാക്കിയത് മൂന്ന് ഉത്തരവുകൾ. 2008, 2011, 2015 വർഷത്തെ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. മുസ്‍ലിം വിഭാഗത്തിന് മാത്രമായി ആദ്യം അനുവദിച്ച പദ്ധതിയാണ് പിന്നീട് സർക്കാർ 80:20 എന്ന അനുപാതത്തിലാക്കിയത്.

2008 ആഗസ്റ്റ് 16ന് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് മുസ്‍ലിം പെൺകുട്ടികൾക്ക് ബിരുദ, ബിരുദാനന്തര പ്രഫഷണൽ കോഴ്സുകൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ പ്രതിവർഷം 3000, 4000, 5000 രൂപ നിരക്കിൽ 5000 സ്കോളർഷിപ്പുകൾ അനുവദിച്ചത്. ഇവർക്ക് ഹോസ്റ്റലിൽ താമസിച്ചു കോളജിൽ പഠിക്കുന്നതിനും മത്സര പരീക്ഷകൾക്ക് പഠിക്കുന്നതിനും സ്റ്റൈപൻറ് അനുവദിക്കാൻ 10 കോടി രൂപ നീക്കിവെക്കുന്നതായും ഉത്തരവിട്ടു. 2011 ഫെബ്രുവരി 22ന് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സ്റ്റൈപൻറ് ആനുകൂല്യങ്ങൾ ലത്തീൻ കത്തോലിക്ക സമുദായത്തിനും മറ്റു പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കും കൂടി ലഭ്യമാക്കുന്നതായി ഉത്തരവിറക്കി.

2015 മെയ് എട്ടിന് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് സി.എ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്സുകൾ പഠിക്കാൻ വാർഷിക വരുമാനം ആറ് ലക്ഷത്തിൽ താഴെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങളായ കുട്ടികൾക്കായി 1.80 കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നത്. ഇത് മുസ്‍ലിം വിഭാഗത്തിന് 80 ശതമാനവും മറ്റു ന്യൂനപക്ഷ സമുദായങ്ങൾക്ക് 20 ശതമാനവുമെന്ന തോതിൽ നൽകുമെന്നതായിരുന്നു. ആകെയുള്ള സ്കോളർഷിപ്പുകളുടെ എണ്ണത്തിൽ 30 ശതമാനം പെൺകുട്ടികൾക്ക് നൽകുമെന്നും വ്യക്തമാക്കി. ഈ മൂന്ന് ഉത്തരവുകളുമാണ് ജനസംഖ്യാനുപാതം കണക്കാക്കിയില്ലെന്ന പേരില്‍ ഹൈക്കോടതി റദ്ദാക്കിയത്.

മുസ്‍ലിം വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതിയില്‍ പിന്നീട് മറ്റ് വിഭാഗക്കാരെ ഉള്‍പ്പെടുത്തിയതോടെയാണ് വിഷയം നിയമകുരുക്കിലെത്തിയത്. മുസ്‍ലിം, ക്രിസ്ത്യൻ, സിഖ്, പാഴ്സി, ജൈന, ബുദ്ധമതക്കാരെയാണ് ന്യൂനപക്ഷങ്ങളായി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഈ ആറ് സമുദായങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് ന്യൂനപക്ഷ കമീഷൻ പ്രവർത്തിക്കേണ്ടതെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News