‘പാർട്ടി കാര്യങ്ങൾ പാർട്ടി വേദിയിൽ മാത്രം’; അടൂർ പ്രകാശിന്റെ പരസ്യ വിമർശനത്തിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

അഭിപ്രായവ്യത്യാസങ്ങളുള്ളവരെ ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാനുള്ള വേദികൾ പാർട്ടിക്കുള്ളിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു

Update: 2026-10-02 12:12 GMT

തിരുവനന്തപുരം: കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രമാണ് ചർച്ച ചെയ്യേണ്ടതെന്നും അതിന് അവസരം ലഭിക്കുന്നില്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റ് മാർഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശിന്റെ പരസ്യ വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

അഭിപ്രായവ്യത്യാസങ്ങളുള്ളവരെ ഇല്ലാതാക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ കേൾക്കാനുള്ള വേദികൾ പാർട്ടിക്കുള്ളിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ തന്റെ നിലപാട് തന്നെ ആവർത്തിക്കുകയാണെന്നും പാർട്ടിക്കകത്തെ വിഷയങ്ങൾ പാർട്ടി സംവിധാനത്തിനുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നാണ് തന്റെ ശൈലിയെന്നും വ്യക്തമാക്കി.

Advertising
Advertising

തന്നെ എന്തുകിട്ടിയാലും പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. കഴിഞ്ഞ നാല് മാസമായി സർക്കാരിനെ ന്യായീകരിക്കാനല്ലാതെ സർക്കാരിനെതിരായ നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ താൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മറ്റ് നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ പെട്ടെന്ന് തന്റെ നിലപാടുകളുമായി ബന്ധിപ്പിക്കുന്നത് എന്തിനാണെന്നും വേണുഗോപാൽ ചോദിച്ചു.

2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിൽ മാറ്റം കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വേണുഗോപാൽ പറഞ്ഞു. പാർട്ടിക്കകത്ത് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ പോലും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നും നേതൃത്വത്തിന്റെ ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാർ ഇന്ത്യ കണ്ട ഏറ്റവും വലിയ ‘ക്രിമിനൽ കോൺസ്പിറസി’ നടത്തിയ വ്യക്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിക്കെതിരെ കേസെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അതിനാൽ എന്ത് കുറ്റം ചെയ്യാനും തയ്യാറാകുന്ന അവസ്ഥയാണെന്നുമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഫേസ്ബുക്കിൽ എത്ര ഫോട്ടോയും വീഡിയോയും വന്നുവെന്നത് മാത്രമല്ല രാഷ്ട്രീയ പ്രവർത്തനമെന്നും വേണുഗോപാൽ പറഞ്ഞു. ബിജെപിക്ക് പിന്നാലെ സിപിഎമ്മും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നും വലിയ സമരങ്ങൾ രാജ്യത്ത് ഉണ്ടാകുമെന്നും വേണുഗോപാൽ പറഞ്ഞു.


Full View

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News