ഭർത്താവ് കാമുകിക്കൊപ്പം ലോഡ്ജിൽ; ക്യുആർ കോഡിലൂടെ ഭാര്യ കണ്ടെത്തി; തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഉച്ചയ്ക്ക് രണ്ടരയോടെ ഭാര്യയുൾപ്പെടെ ഏഴംഗ സംഘം പൊലീസുകാരെന്ന വ്യാജേന ലോഡ്ജിലെത്തി
തൃശൂർ: തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച ഭർത്താവിനെയും കാമുകിയെയും ഭാര്യയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. നിലമ്പൂർ സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസിൽ ഭാര്യയുൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റുചെയ്തു. സംഘത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തയാൾക്കായി തിരച്ചിൽ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
തമിഴ്‌നാട് സ്വദേശിയും ടാക്‌സി ഡ്രൈവറുമായിരുന്നു ഗുണശേഖരൻ. തിരുപ്പൂര്‍ ചാമുണ്ടിപുരത്തെ ദേവി(27)യാണ് ഇയാളുടെ ഭാര്യ. ഭാര്യയുണ്ടായിരിക്കെ തന്നെ നിലമ്പൂർ സ്വദേശിയായ 38കാരിയുമായി ഗുണശേഖരൻ പ്രണയത്തിലായിരുന്നു. ടാക്സിയുമായി കേരളത്തിൽ വന്നപ്പോഴാണ് ഈ യുവതിയെ പരിചയപ്പെടുന്നത്. ഇടയ്ക്കിടെ യുവതിയെ കാണാൻ ഗുണശേഖരൻ കേരളത്തിലേക്ക് വരുമായിരുന്നു.
അങ്ങനെ തൃശൂരിലെത്തിയ ഗുണശേഖരൻ യുവതിയെയും കൂട്ടി സെപ്തംബര്‍ 22ന് രാവിലെ ഏഴരയോടെ കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തു. ലോഡ്ജില്‍ മുൻകൂറായി 800 രൂപ കൊടുക്കണമായിരുന്നു. ഇതിനായി ഗുണശേഖരൻ തമിഴ്നാട്ടിലെ കടവൂർ സ്വദേശിയായ സുഹൃത്ത് പല്‍രാജു(31)മായി ബന്ധപ്പെട്ടു. ലോഡ്ജിൻ്റെ ക്യുആർ കോഡ് അയച്ചുതരാമെന്നും പണം അതിലേക്ക് ഇട്ടാൽമതിയെന്നും ഗുണശേഖരൻ പറഞ്ഞു. പൽരാജ് സമ്മതിച്ചു. അങ്ങനെ ഗുണശേഖരൻ, പാൽരാജിന് ക്യൂആർ കോഡ് അയച്ചുകൊടുത്തു. പണം അയച്ചപ്പോൾ അതിൽ ലോഡ്ജിൻ്റെ പേര് തെളിഞ്ഞു.
എന്നാൽ പൽരാജിന് ഗുണശേഖരനെ വിശ്വാസമില്ലായിരുന്നു. തൻ്റെ ഭാര്യയുമായി ഗുണശേഖരന് ബന്ധമുണ്ടെന്ന് അയാൾ സംശയിച്ചിരുന്നു. അതിനാൽ പൽരാജ് ഈ ക്യൂആർ കോഡ് ഗുണശേഖരന്റെ ഭാര്യയായ ദേവിക്ക് കൈമാറി.
ഭർത്താവ് കാമുകിയുമായി ലോഡ്ജ് എടുത്ത് താമസിക്കുകയാണെന്ന് മനസിലാക്കിയ ദേവി ഇരുവരെയും കയ്യോടെ പിടികൂടാൻ തീരുമാനിച്ചു. അവര്‍ പല്‍രാജിനെയും നീലഗിരി കൂനൂരിലെ തോമസ് പ്രിയദര്‍ശന്‍, ഡിണ്ടിഗലിലെ രഘുപതി രാജ (20), കരൂര്‍ വീരാനപ്പെട്ടിയിലെ ശങ്കര്‍ (20) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും കൂട്ടിക്കൊണ്ട് തൃശൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ടരയോടെ ഏഴംഗ സംഘം പൊലീസുകാരെന്ന വ്യാജേന ലോഡ്ജിലെത്തി. കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് തൂക്കിയിരുന്നു.
ലോഡ്ജിലെ ജീവനക്കാരനെക്കൊണ്ട് ഉച്ചമയക്കത്തിലായിരുന്ന മാനേജരെ അവര്‍ വിളിച്ചുണര്‍ത്തി. തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് ചെന്നൈ പൊലീസില്‍ നിന്നാണെന്ന് പറഞ്ഞു. ഈ ലോഡ്ജില്‍ ഒരു യുവതിയും യുവാവും മുറിയെടുത്തിട്ടുണ്ടെന്നും അവര്‍ തമിഴ്‌നാട്ടില്‍ നിന്ന് 66 ഗ്രാം സ്വര്‍ണവുമായി മുങ്ങിയവരാണെന്നും മാനേജരോട് പറഞ്ഞു. യുവാവ് വിവാഹത്തട്ടിപ്പുകാരനാണെന്നും ഏഴാമത് വിവാഹം കഴിച്ച യുവതിയാണ് ഒപ്പമുള്ളതെന്നും പറഞ്ഞതോടെ മാനേജര്‍ ഭയന്നുപോയി. അയാള്‍ ഉടനെ മുറി അവര്‍ക്ക് കാണിച്ചുകൊടുത്തു.
തുടര്‍ന്ന് മുറിയിലേക്ക് ഇരച്ചുകയറിയ സംഘം ഗുണശേഖരനെയും യുവതിയെയും മര്‍ദിച്ച് അവശരാക്കി. ഇരുവരുടെയും മുഖം തുണികൊണ്ട് മറച്ച് പ്രതികളെ കൊണ്ടുപോകുന്നതുപോലെ ലോഡ്ജില്‍ നിന്നിറക്കി. ശേഷം കാറില്‍ കയറ്റി തിരുപ്പൂരിലേക്ക് കൊണ്ടുപോയി.
തിരുപ്പൂരിലെത്തിച്ച സംഘം ആദ്യം ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെച്ച് ഇരുവരെയും വീണ്ടും മർദിച്ചു. ശേഷം ഗുണശേഖരനെയും യുവതിയെയും വെവ്വേറെ കാറുകളിലാക്കി. യുവതിയെയും കൊണ്ട് വിജനമായ സ്ഥലത്തേക്ക് പോയ തോമസും രഘുപതിയും അവളെ ക്രൂരമായി പീഡിപ്പിച്ചു. രംഗങ്ങള്‍ വിഡിയോയില്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാല്‍ കഞ്ചാവുകേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മർദനത്തിൽ ഗുണശേഖരൻ്റെ കൈകാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും അസ്ഥികൾക്ക് ഒടിയുകയും ചെയ്തിരുന്നു. അവശനിലയിലായ ഗുണശേഖരനെ കാറിൽ തിരുപ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നാലെ യുവതിയെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നു.
ഇതിനിടെ യുവതി സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ഫോണിൽ നിന്നും നിലമ്പൂരിലെ ബന്ധുവിനെ വിളിച്ച് വിവരം പറഞ്ഞു. ഇനി അവിടെനിന്നാല്‍ അവര്‍ കൊന്നുകളയുമെന്നും എത്രയും വേഗം രക്ഷപ്പെടണമെന്നും ബന്ധു നിര്‍ദേശിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍നിന്നു മുങ്ങിയ യുവതി ഓട്ടോയില്‍ തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഓട്ടോഡ്രൈവറുടെ ഫോണില്‍നിന്ന് വീണ്ടും ബന്ധുവിനെ വിളിച്ചു. ബന്ധു ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി 500 രൂപ അയച്ചുകൊടുത്തു. ആ പണം വാങ്ങി തീവണ്ടി കയറി നിലമ്പൂരിലെത്തിയ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിൻ്റെ നിർദേശപ്രകാരം അസി. പൊലീസ് കമ്മീഷണര്‍ ടി.ആര്‍ രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തോമസിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തുനിന്നും ദേവിയടക്കം മറ്റുള്ളവരെ തിരുപ്പൂർ, കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. തൃശൂരിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വിയ്യൂര്‍ ജില്ലാ ജയിലില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.