‘ഒന്നും ഒളിച്ചുകടത്തേണ്ടതില്ല’; അടൂർ പ്രകാശിന്റെ വിമർശനത്തിന് എം.കെ മുനീറിന്റെ മറുപടി
നിയമനത്തെക്കുറിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നേരത്തെ അതൃപ്തി പരസ്യമാക്കിയിരുന്നു
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായുള്ള നിയമനവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് എം.കെ മുനീർ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അറിയില്ലെന്നും മുനീർ പറഞ്ഞു.
ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം സംബന്ധിച്ച് തനിക്ക് ഒന്നും ഒളിച്ചുകടത്തേണ്ടതില്ലെന്നും മുനീർ വ്യക്തമാക്കി. ഈ പദവിയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫ് സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നതാണെന്നും നിയമനം വൈകിയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന കാലത്തെ മാതൃകയിൽ കമ്മീഷന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനല്ല ഉദ്ദേശിക്കുന്നതെന്നും മുനീർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മീഷന്റെ ചുമതല.
അതേസമയം, നിയമനത്തിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെയും മുനീർ തള്ളി. സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മുസ്‌ലിം ലീഗ് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പാർട്ടിയാണെന്നും ആരെ എങ്ങനെ നിയമിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം പാർട്ടിക്കുണ്ടെന്നും മുനീർ പറഞ്ഞു. സിപിഎമ്മിന്റെയും ബിജെപിയുടെയും ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എം.കെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി കാബിനറ്റ് റാങ്കോടെയാണ് സംസ്ഥാന സർക്കാർ നിയമിച്ചത്. സെപ്റ്റംബർ 30ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
നിയമനത്തെക്കുറിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നേരത്തെ അതൃപ്തി പരസ്യമാക്കിയിരുന്നു. മുന്നണിയിലെ സുപ്രധാന തീരുമാനങ്ങൾ കൺവീനറായ തന്നെ അറിയിച്ചില്ലെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ മുനീറിന്റെ നിയമനത്തെ എതിർക്കുന്നതല്ലെന്നും, നടപടിക്രമത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്നതാണ് തന്റെ പരാതിയെന്നും അടൂർ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്.