'എന്‍റെ നെഞ്ചിന് പിടിച്ച് തള്ളിയപ്പോഴാണ് കൈ തട്ടിമാറ്റിയത്, ഭർത്താവിനെ മർദിക്കുന്നത് കണ്ടപ്പോൾ നിലവിളിച്ചു'; ഷൈമോൾ
പൊലീസിന്‍റെ അടിയേറ്റതിന് പിന്നാലെ ഗർഭിണിയായിരുന്ന തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിയെന്നും ഷൈമോൾ
കൊച്ചി: എറണാകുളത്ത് സ്റ്റേഷനിൽ വെച്ച് മർദനമേറ്റതിന്‍റെ ക്രൂരത വിവരിച്ച് ഷൈമോൾ. സ്റ്റേഷനിൽ താൻ അതിക്രമം കാണിച്ചില്ല. ഭർത്താവിനെ കാണാൻ കുഞ്ഞുങ്ങളുമായി ചെന്ന തന്നെ ആദ്യം നെഞ്ചിൽപിടിച്ച് തള്ളി. ഇത് ചോദിച്ചപ്പോൾ മുഖത്തടിച്ചുവെന്നും ഷൈമോൾ പറയുന്നു. മർദനദൃശ്യം പുറത്തുവന്നശേഷം പ്രതാപചന്ദ്രൻ നടത്തിയ ആരോപണങ്ങൾ കളവാണെന്നും ഷൈമോളും ഭർത്താവ് ബെൻ ജോയും പറഞ്ഞു.
പൊലീസിന്‍റെ അടിയേറ്റതിന് പിന്നാലെ ഗർഭിണിയായിരുന്ന തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. സ്റ്റേഷനിലുണ്ടായ എല്ലാം സംഭവങ്ങൾക്കും തെളിവുണ്ടെന്നും കോടതിയിൽ ഇത് ഹാജരാക്കുമെന്നും ഷൈമോൾ മീഡിയവണിനോട് പറഞ്ഞു. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ എസ്എച്ച് ഒയെ സസ്പെൻഡ് ചെയ്തിരുന്നു.
''അവിടെ ഞാനൊരു അക്രമവും സൃഷ്ടിച്ചില്ല. ഭര്‍ത്താവിനെ അടിക്കുന്നത് കണ്ടപ്പോൾ നിലവിളിച്ചു. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്‍റെ നെഞ്ചിന് പിടിച്ച് തള്ളിയപ്പോഴാണ് കൈമാറ്റിയത്..അല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല. തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കണമെന്നാണ് വിചാരിക്കുന്നത്. സ്റ്റേഷനിൽ ചെല്ലുമ്പോൾ തൊട്ട് തിരിച്ചുപോകുന്നതുവരെയുള്ള തെളിവുകൾ എന്‍റെ കൈയിലുണ്ട്. എന്‍റെ ഭര്‍ത്താവിനെതിരെ വേറെ ഒരു കേസും നിലവിലില്ല. അദ്ദേഹം മദ്യപാനിയുമല്ല'' ഷൈമോൾ കൂട്ടിച്ചേര്‍ത്തു.
ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ അരൂർ എസ്എച്ച്ഒ പ്രതാപ ചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ദക്ഷിണ മേഖല ഡിഐജിയാണ് സസ്പെൻഡ് ചെയ്തത്. ഇയാളെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമാണ് മർദനത്തിനിരയായ യുവതി മുന്നോട്ടുവെക്കുന്നത്.
എന്നാൽ യുവതി ആക്രമിച്ചതിനാലാണ് മുഖത്തടിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് പ്രതാപചന്ദ്രൻ വ്യക്തമാക്കുന്നത്. പ്രതാപചന്ദ്രന്‍റെ നടപടി പൊലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.