കേരളാ സർവകലാശാല രജിസ്ട്രാർ അനിൽകുമാർ ചുമതല ഏറ്റെടുത്തു; പിന്നാലെ ജോ.രജിസ്ട്രാർ അവധിയിൽ
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ രണ്ടാഴ്ച സാവകാശം ചോദിച്ചു
തിരുവനന്തപുരം:കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. വൈസ് ചാൻസിലർ വിശദീകരണം തേടിയതിന് പിന്നാലെ രജിസ്ട്രാറുടെ ചുമതല ഉണ്ടായിരുന്ന ജോയിന്‍റ് രജിസ്ട്രാർ പി.ഹരികുമാർ അവധിയിൽ പ്രവേശിച്ചു.
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ രണ്ടാഴ്ച സാവകാശവും ചോദിച്ചു. കെ.എസ് അനിൽകുമാർ ചുമതല ഏറ്റെടുത്തതിൽ ജോയിൻ രജിസ്ട്രാറോട് വി സി റിപ്പോർട്ട് തേടിയിരുന്നു.ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ ജോയിൻ രജിസ്ട്രാറുടെ വിശദീകരണം കൂടി അതിൽ ഉൾപ്പെടുത്താനായിരുന്നു സിസാ തോമസിന്റെ നീക്കം.
അതേസമയം, നിലവിൽ നൽകിയിട്ടുള്ള ഹരജി രജിസ്ട്രാർ പിൻവലിക്കും. അതിനിടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ രജിസ്ട്രാർ കെ എസ് അനിൽകുമാർ സർവകലാശാലയിലെത്തി ജോലിയില്‍ പ്രവേശിച്ചു. സിന്‍ഡിക്കേറ്റ് തീരുമാനപ്രകാരമാണ് ചുമതല ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രജിസ്ട്രാര്‍ക്കെതിരെ ആലോചിച്ചശേഷം നടപടിയെന്ന് താൽക്കാലിക വി.സി ഡോ. സിസാ തോമസ് അറിയിച്ചു.