കേരളാവിഷൻ ഡിജിറ്റൽ ടിവി 'ടോപ്പ് ടെൻ' വിജയഘോഷ ക്യാമ്പയിന് തുടക്കമായി

രാജ്യത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള പത്ത് കമ്പനികളെന്ന നേട്ടമാണ് കൈവരിച്ചത്.

Update: 2023-07-26 17:18 GMT
Editor : anjala | By : Web Desk
Advertising

തിരുവനന്തപുരം: കേരളാവിഷൻ ഡിജിറ്റൽ ടിവി സംരംഭങ്ങളുടെ വിജയഘോഷ ക്യാമ്പയിന് തുടക്കമായി. രാജ്യത്ത് ഏറ്റവും കൂടുതൽ വരിക്കാരുള്ള പത്ത് കമ്പനികളെന്ന നേട്ടമാണ് കൈവരിച്ചത്. മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടോപ് ടെൻ നേട്ടത്തിന്റെ പ്രഖ്യാപനം ധനമന്ത്രി കെ എൻ ബാലഗോപാലും നമ്പർവൺ കേരള ക്യാമ്പയിനിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവും കേരള വിഷന്റെ ഡിജിറ്റൽ കേരള സ്കീമുകളുടെ ഉദ്ഘാടനം സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ നിർവ്വഹിച്ചു.

പത്ത് ലക്ഷം വരിക്കാരുമായി രാജ്യത്തെ ടോപ് ടെൻ ബ്രോഡ്ബാന്റ് സേവന ദാദാക്കളുടെ പട്ടികയിലേക്ക് കേരളവിഷൻ ബ്രോഡ്ബാന്റ് സർവ്വീസും മൂന്ന് ലക്ഷം വരിക്കാരുള്ള കേരളവിഷൻ ഡിജിറ്റൽ കേബിൾ ടി വി ആറാം സ്ഥാനമെന്ന നേട്ടം കൈവരിച്ചു. ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയുടെ വിഭാഗത്തിലും കേരളവിഷൻ വളരെ മുന്നിലാണ്. കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന കേരളവിഷൻ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വൻകിട മൂലധന കമ്പനികളുടെ കടുത്ത മത്സരത്തെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചു കൊണ്ടാണ് പ്രശംസാർഹമായ നേട്ടങ്ങൾ കൈവരിച്ചത്.

പ്രാദേശിക കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഓഹരി പങ്കാളിത്തത്തോടെ ഒരു സാധാരണ കേബിൾ ടി വി സംരംഭമായി 2008 ൽ തുടക്കം കുറിച്ച കേരളവിഷൻ ക്രമേണ ബ്രോഡ്ബാന്റ്, ഐ പി ടി വി, ടെലിഫോൺ തുടങ്ങിയ സേവനങ്ങൾ കൂടി നൽകിക്കൊണ്ട് ട്രിപ്പിൾ പ്ലേ സർവ്വീസ് പ്രൊവൈഡർ ആയി വളർന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ കഴിയുന്ന സുശക്തമായ പശ്ചാത്തല സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇന്ന് കേരളവിഷനുണ്ട്.

കേരളവിഷന്റെ സ്വന്തം പ്ലാറ്റ്ഫോം ഏതാനും മാസങ്ങൾക്കകം പ്രവർത്തന സജ്ജമാവും. ഉപഭോക്താക്കളുടെ എല്ലാവിധ ഐ ടി, ഡിജിറ്റൽ ആവശ്യങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് നിറവേറ്റാനാവുന്ന ഒരു പോയിന്റ് ഓഫ് ആക്സസ് ആയി മാറുകയാണ് അടുത്ത ലക്ഷ്യം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി പ്രർത്തനങ്ങൾ വ്യാപിപ്പിക്കും. സംസ്ഥാനത്തെ ചെറുകിട കേബിൾ ടി വി നെറ്റ് വർക്കുകൾ നേരിട്ടു കൊണ്ടിരുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു വേണ്ടി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് കേരളവിഷൻ എന്ന സംരംഭക കൂട്ടായ്മക്ക് രൂപം നൽകിയത്. അയ്യായിരത്തിൽ പരം കേബിൾ ടിവി ഓപ്പറേറ്റർമാർ ഉൾപ്പെടുന്ന സി.ഒ.എ യുടെ ശക്തമായ നേതൃത്വവും ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളും ഈ സ്ഥാപനത്തിന്റെ അസൂയാവഹമായ വളർച്ചക്ക് സഹായകമായി, കേബിൾ ടി വി ഓപ്പറേറ്റർമാരും ജീവനക്കാരും ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് പേരുടെ അർപ്പണ മനോഭാവവും കേരള സമൂഹത്തിന്റെ അകമഴിഞ്ഞ പിൻതുണയുമാണ് കേരളവിഷനെ ഈ അംഗീകാരത്തിന് അർഹമാക്കിയത്.

കേരളത്തിന്റെ നോളജ് ഇക്കോണമിയുടെ വികസനത്തിൽ കേബിൾ ടി വി ഓപ്പറേറ്റർമാരുടെ പങ്കാളിത്തം എന്ന വിഷയത്തിൽ സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു മേൽകർ, കെ.ഡിയ്ക്ക് മെമ്പർ സെക്രടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് , സി.ഒ.എ. ജനറൽ സെക്രട്ടറി കെ.വി.രാജൻ എന്നിവർ സംസാരിച്ചു. സി.ഒ.എ പ്രസിഡണ്ട് അബുബക്കർ സിദ്ധിക് അധ്യക്ഷനായിരുന്ന ചടങ്ങിൽ കേരള വിഷൻ ചെയർമാൻ കെ.ഗോവിന്ദൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷുമാർ നന്ദിയും പറഞ്ഞു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News