കെ.എം. ബഷീർ കേസ്; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ കുടുംബം, വിചാരണയ്ക്ക് സ്റ്റേ

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു

Update: 2026-10-01 06:37 GMT

കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതീരെ ബഷീറിന്റെ കുടുംബം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു.

ഇതിനെതിരെയാണ് കെ.എം. ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

Advertising
Advertising

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിച്ചത്.എന്നാൽ തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ‌.എം ബഷീറിനെ ഇടിച്ച വാഹനം. വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു.

എന്നാല്‍, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ശ്രീറാമിന്‍റെയും പൊലീസിന്‍റെയും നീക്കം പൊളിയുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News