സമസ്തയിൽ സിപിഎം ഉണ്ടെങ്കിൽ തുറന്ന് പറയണം, സ്ലീപ്പിങ് സെൽ ആയി പ്രവർത്തിക്കരുത്; കെ.എം ഷാജി

സാദിഖലി തങ്ങൾക്കെതിരെ പറഞ്ഞ ആൾക്കെതിരെ നടപടി എടുക്കണം. ജിഫ്രി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പ്രവർത്തകനെതിരെ ലീഗ് നടപടി എടുത്തിട്ടുണ്ട്. അതേമാന്യത തിരിച്ചും കാണിക്കണം

Update: 2024-11-03 09:06 GMT

കോഴിക്കോട്: സമസ്തയിൽ സിപിഎമ്മിന്റെ സ്ലീപിങ് സെല്ലു​ണ്ടെങ്കിൽ അത് തുറന്നുപറയണമെന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. സ്ലീപ്പിങ് സെല്ലുകൾ അവർ സിപിഎമ്മുകാ​രാണെന്നും ഉറച്ച സമസ്തക്കാരുമാണെന്നും തുറന്ന് പറയണം. ചിലർ സിപിഎമ്മിൽ നിന്ന് എ​ന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ നിരന്തരം സിപിഎമ്മിന് സ്തുതി പാടുകയും എന്നിട്ട് അവരെ പ്രീതിപ്പെടുത്താൻ പാണക്കാട് തങ്ങന്മാരെയും ലീഗിനെയും ആക്ഷേപിക്കുകയാണ്. അതിനെ ഞങ്ങൾ കൈയും കെട്ടി നോക്കിനിൽക്കുമെന്ന് ആരും കരുതണ്ട. കാരണം ലീഗും സമസ്തയും ഞങ്ങൾക്ക് വേണ്ടപ്പെട്ട പ്രസ്ഥാനങ്ങളാണ്. 

Advertising
Advertising

Full View

സമസ്തയെ തകർക്കാൻ സിപിഎം വളരെ ആസൂത്രിത ശ്രമം നടത്തിയ കാലം ഉണ്ടായിരുന്നു. അന്ന് അതിന് രക്ഷാകവചം തീർത്തത് മുസ്‌ലിം ലീഗാണ്. ഇപ്പോൾ സമസ്തയിൽ എല്ലാവരും ഉണ്ട് എന്നാണ് പറയുന്നത്. അതിൽ സന്തോഷമാണ്. എന്നാൽ അവർ ആരൊക്കെ എന്ന് വെളിപ്പെടുത്തണം. സമസ്തയിൽ സിപിഎം ഉണ്ടെങ്കിൽ അത് അവർ തുറന്ന് പറയണം. എത്രപേരുണ്ടെന്ന് പറയണം. സമസ്തയിലെ സിപിഎം സ്ലീപ്പിങ് സെല്ലുകൾ അവരുമായി നിരന്തരം വേദി പങ്കിടുന്നവരാണ്. അവർ സിപിഎം ആണെന്ന് തുറന്ന് പറയട്ടെ. ലീഗിനകത്ത് വഹാബിയും അല്ലാത്തവരും ഉണ്ടാകും. മുസ്‌ലിം ലീഗിനെ ആർക്കും ഹൈജാക്ക് ചെയ്യാനാവില്ല. ലീഗിന്റെ മേജർ പോർഷൻ സമസ്തയാണ്.

ജിഫ്രി തങ്ങൾക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പ്രവർത്തകനെതിരെ ലീഗ് നടപടി എടുത്തിട്ടുണ്ട്. അതേമാന്യത തിരിച്ചും കാണിക്കണം. വിശദീകരണം കൊണ്ട് പ്രശ്ന പരിഹാരം ആകില്ല. സാദിഖലി തങ്ങൾക്കെതിരെ പറഞ്ഞ ആൾക്കെതിരെ നടപടി എടുക്കണമെന്നും ഷാജി പറഞ്ഞു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News