Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ആലപ്പുഴ: തരൂരിന് അനുകൂലമായ സര്‍വേയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. ശശി തരൂര്‍ ഏത് പാര്‍ടിയാണെന്ന് അദ്ദേഹം ആദ്യം തീരുമാനിക്കട്ടെയെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ വിറക് വെട്ടികളും വെള്ളം കോരികളുമായ ഒരു പാട് പേര്‍ കേരളത്തിലുണ്ട് അതിലൊരാള്‍ മുഖ്യമന്ത്രിയാകും. വിശ്വപൗരന്‍ വിശ്വത്തിന്റെ കാര്യം നോക്കട്ടെയെന്നും കെ.മുരളീധരന്‍ പറഞ്ഞു.
അതേസമയം, തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ''അദ്ദേഹത്തെ കുറിച്ച് അഭിപ്രായം പറയില്ല. ദേശീയ നേതാവാണ്. ദേശീയ നേതൃത്വം അഭിപ്രായം പറയട്ടെ. പത്രത്തിലെ ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്, പറയാനില്ല,'' മവി.ഡി സതീശന്‍ പറഞ്ഞു.
ശശി തരൂരിന് അനുകൂലമായ സര്‍വേ ഭരണവിരുദ്ധ വോട്ടുകള്‍ ചിതറിക്കാനുള്ള ബിജെപി ശ്രമമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ജനപ്രീതി ഉണ്ടെന്ന് കാണിക്കാന്‍ ശശി തരൂര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതെന്നും വിലയിരുത്തല്‍.
കേരള വോട്ട് വൈബ് എന്ന ഏജന്‍സി സ്ഥാപിച്ചത് രണ്ടര മാസം മുന്‍പ് മാത്രമാണെന്നും സര്‍വേയ്ക്ക് പിന്നാലെ പോകേണ്ടന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. സര്‍വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരോ കുക്ക് ചെയ്ത സര്‍വ്വേ ആണെന്നും രമേശ് ചെന്നിത്തലയും പ്രതികരിച്ചു.