തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
നിലവിലെ യുഡിഎഫ് കൗൺസിലർ ഷീബ ഡുറോമാണ് തോപ്പുംപടി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി
എറണാകുളം: കൊച്ചി കോർപറേഷനിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ആറ് ഡിവിഷനുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 59 സീറ്റുകളിൽ സിപിഎം മത്സരിക്കും. 8 സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് 3 സീറ്റുകളിലും എൻസിപി, ജനതാദൾ എന്നിവർ 2 സീറ്റിലും ഐഎൻഎൽ, കേരള കോൺഗ്രസ് എസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കും.
കഴിഞ്ഞ തവണത്തെ യുഡിഎഫ് വിമതരടക്കം എൽഡിഎഫ് സ്ഥാനാർഥികളാകും. എ.വി സാബു, പി.എം ഹാരിസ്, എം.ബി മുരളീധരൻ, ഗ്രേസി ജോസഫ് എന്നിവർ ആദ്യ പട്ടികയിൽ ഇടംപിടിച്ചു.
നിലവിലെ യുഡിഎഫ് കൗൺസിലർ ഷീബ ഡുറോമാണ് തോപ്പുംപടി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി. പാർട്ടിയിലെ പ്രശ്നങ്ങളുൾപ്പടെ മുന്നണി മാറ്റത്തിന് കാരണമായതായി ഷീബ ചൂണ്ടിക്കാട്ടുന്നു. ഡിവിഷനിൽ തൻ്റെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തിയവരെ ജനങ്ങൾ തിരിച്ചറിയുമെന്ന് ഷീബ ഡുറോം മീഡിയവണിനോട് പറഞ്ഞു. 24 കാരിയായ രേഷ്മ രമേശാണ് സിപിഎം സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി. കരിപ്പാലം ഡിവിഷനിൽ മത്സരിക്കുന്ന രേഷ്മ നിലവിൽ ഡിവൈഎഫ്ഐ കൊച്ചി ബ്ലോക്ക് വൈസ് പ്രസിഡന്റ് കൂടിയാണ്.