Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി ആർഎസ്എസ് നേതാക്കള്‍. അതിനോട് സംവദിക്കാനില്ലെന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് കെ.ബി ശ്രീകുമാർ പറഞ്ഞു.
നാട്ടിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും മറുപടി പറയുന്ന രീതി സംഘത്തിനില്ലെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു. കൊടകര കുഴല്‍പ്പണക്കേസില്‍ എന്തുകൊണ്ടാണ് ബിജെപി മൗനം പാലിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു ആര്‍എസ്എസ് നേതാക്കള്‍ ഒഴിഞ്ഞുമാറിയത്.
ബിജെപിയിലേക്ക് സംഘടനാ സെക്രട്ടറിയെ നിയോഗിക്കുന്നത് നിർത്തിയത് പ്രത്യേക സാഹചര്യത്തിലാണെന്ന് ആർഎസ്എസ് വ്യക്തമാക്കി. ഇനി സംഘടനാ സെക്രട്ടറിയെ നല്‍കണമോ എന്ന് ആലോചിച്ചിട്ടില്ലെന്നും വേണമെന്ന് തോന്നിയാല്‍ നല്‍കുമെന്നും പ്രാന്തകാര്യവാഹ് പി.എന്‍ ഈശ്വരന്‍ പറഞ്ഞു.