കോൺഗ്രസിൽ കുടുംബവാഴ്ചയെന്ന വിമർശനം; ആരെയാണ് തരൂർ ഉദ്ദേശിച്ചതെന്ന് അറിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപി

Update: 2025-11-04 10:29 GMT

തിരുവനന്തപുരം: കോൺഗ്രസിൽ കുടുംബവാഴ്ചയെന്ന തരൂരിന്റെ വിമർശനത്തിന് കൊടിക്കുന്നിൽ സുരേഷിന്‍റെ മറുപടി. തരൂരിന്റെ ആരോപണം നെഹ്റു കുടുംബത്തെ ബാധിക്കില്ല. തരൂർ ഉദ്ദേശിച്ചത് ആരെയെന്ന് അറിയില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

'തരൂർ ആരെയാണ് ഉദ്ദേശിച്ചതെന്ന കാര്യത്തിൽ ഒരു വ്യക്തതയില്ല. അതുകൊണ്ട് ഇപ്പോൾ കൂടുതലായൊന്നും പറയാനില്ല. അദ്ദേഹത്തിന്റെ പരാമർശനത്തെ കുറിച്ച് കൂടുതൽ പഠിച്ചതിന് ശേഷം നേതൃത്വം ആദ്യം പ്രതികരിക്കട്ടെ.' കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.

രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിക്കുകയായിരുന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ ശശി തരൂർ എംപി. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അം​ഗീകരിക്കേണ്ടത്. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാർട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. 'കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ മം​ഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം.

Advertising
Advertising

ഒരാളെ തെരഞ്ഞെടുക്കാൻ ചെറിയ ഒരു കൂട്ടത്തെ മാത്രം പരിഗണിക്കുന്നത്‌ ഒരിക്കലും പ്രയോജനകരമല്ലെന്നും തരൂർ വ്യക്തമാക്കുന്നു. കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെയടക്കം പുകഴ്ത്തി രം​ഗത്തെത്തിയ തരൂർ, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപി കോൺഗ്രസിനെ വിമർശിക്കാൻ ഉപയോ​ഗിക്കുന്ന കുടുംബവാഴ്ചാ ആരോപണം ഉയർത്തിയാണ് തരൂരും രം​ഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാൽ, ലേഖനത്തിലെ വിമർശനത്തിൽ മറ്റ് കോൺ​ഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News