'അസ്‌ലം ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്, 20 പവനും 50,000 രൂപയുമാണ് തട്ടിയെടുത്തത്'; നിയമപരമായി മുന്നോട്ടുപോകുമെന്ന് പെണ്‍കുട്ടിയുടെ സഹോദരി

മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പിതാവ് നൗഷാദിന്റെ ആരോപണം

Update: 2026-10-14 11:31 GMT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആത്മഹത്യ ചെയ്ത 18കാരനായ മുഹമ്മദ് അസ്‌ലം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പെണ്‍കുട്ടിയുടെ സഹോദരി. 20 പവനും 50,000 രൂപയുമാണ് തട്ടിയെടുത്തെന്നാണ് വെളിപ്പെടുത്തല്‍. വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ സഹോദരി വ്യക്തമാക്കി.

അസ്‌ലമിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെ പിതാവിനൊപ്പം വിട്ടയച്ചിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമനടപടികള്‍ പാലിക്കാതെ അന്യായമായി പ്രതികളെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വെച്ചുവെന്നായിരുന്നു പിതാവിന്റെ ആരോപണം. സംഭവത്തില്‍ സമഗ്ര അന്വേഷണമാണ് കുടുംബം ആവശ്യപ്പെടുന്നത്.

Advertising
Advertising

മകന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് പിതാവ് നൗഷാദിന്റെ പ്രധാന ആരോപണം. മകന് ഒരു പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടായിരുന്നു. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കള്ളക്കേസ് കൊടുത്തു. തുടര്‍ന്ന് മകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിച്ചുവെന്നുമാണ് നൗഷാദ് പറയുന്നത്.

കുട്ടി മരിച്ചതിന് ശേഷം പൊലീസ് ഇതുവരെ തങ്ങളെ സമീപിക്കുകയോ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. വളരെ മോശമായ രീതിയിലാണ് പൊലീസ് മക്കളോടും തന്നോടും പെരുമാറിയതെന്നും നൗഷാദ് പറഞ്ഞു. തന്റെ രണ്ട് മക്കളെയും പുറംലോകം കാണിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയതായും നൗഷാദ് ആരോപിച്ചു.

എന്നാല്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ പൊലീസ് നിഷേധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി 18 വയസുകാരന് ബന്ധമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തെന്നുമാണ് പൊലീസിന്റെ ഭാഗം.

ഈ സ്വര്‍ണാഭരണങ്ങള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് അസ്‌ലമും സഹോദരനും ചേര്‍ന്ന് ആഡംബര കാറും ഐഫോണും വാങ്ങിയെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസ്‌ലം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും സന്ദേശങ്ങളും ശേഖരിച്ചതായി പൊലീസ് പറഞ്ഞു.

അതിനിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കുന്ന അസ്‌ലമിന്റ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരിയുടെ കൈയില്‍ നിന്ന് പണം വാങ്ങുമെന്നാണ് ഓഡിയോയില്‍ പറയുന്നത്.

സഹോദരി വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ അവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇതിനുപുറമെ, പെണ്‍കുട്ടിയുടെ വീട്ടിലെത്തി എന്ന് പറഞ്ഞ് വിദേശത്തുള്ള സഹോദരിക്ക് അയച്ചുകൊടുത്ത വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News