മൈനാഗപ്പള്ളി കൊലപാതകത്തില്‍ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും

കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ താൽക്കാലിക ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ സംഭവത്തിന് പിന്നാലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിട്ടുണ്ട്

Update: 2024-09-17 01:19 GMT
Editor : Shaheer | By : Web Desk

കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് അപേക്ഷ നൽകും. ശാസ്താംകോട്ട പൊലീസ് ഇന്നോ നാളെയോ അപേക്ഷ സമർപ്പിക്കാനാണ് സാധ്യത. പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും ശാസ്താംകോട്ട കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അപകടസ്ഥലത്തടക്കം എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. പ്രതിക്ക് ഒളിവിൽ കഴിയാൻ മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കും.

പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. വാഹനമിടിച്ചു തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ മനഃപൂർവം കാർ കയറ്റിയിറക്കി നിർത്താതെ പോവുകയായിരുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ അജ്മൽ ഒന്നാം പ്രതിയും ഡോ. ശ്രീക്കുട്ടി രണ്ടാം പ്രതിയുമാണ്.

Advertising
Advertising

വാഹനം നിർത്താതെ ഓടിച്ചുപോവാൻ അജ്മലിനോട് പറഞ്ഞത് ശ്രീക്കുട്ടിയാണെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രേരണാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. കൂടാതെ, ഡോക്ടറായിട്ടും അപകടത്തിൽപെട്ടയാളെ രക്ഷിക്കാനോ പ്രാഥമിക ശുശ്രൂഷ പോലും നൽകാനോ ശ്രമിക്കാതെ കർത്തവ്യം മറന്ന് മരണത്തിലേക്ക് തള്ളിയിട്ടുവെന്നതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അജ്മൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് റൂറൽ എസ്‍പി സ്ഥിരീകരിച്ചു. ഇയാൾ ചന്ദനക്കടത്ത്, വഞ്ചനാക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്നും എസ്‍പി അറിയിച്ചു.

കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയില്‍ താൽക്കാലിക ഡോക്ടറായിരുന്ന ശ്രീക്കുട്ടിയെ സംഭവത്തിന് പിന്നാലെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിട്ടുണ്ട്.

Summary: Police to apply for custody of the accused in the murder of woman in car accident at Kollam's Mynagappally

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News