കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ

സർവീസ് റോഡിലൂടെ നാളെ മുതൽ വാഹനം കടത്തിവിട്ടേക്കും

Update: 2025-12-07 01:20 GMT

കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്നതിൽ NHAI വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ. സ്ഥലത്ത് ജില്ലാ ഭരണകൂടത്തിന്റെ പരിശോധന ഇന്ന് നടക്കും. മണ്ണ് പരിശോധനയ്ക്കയക്കാൻ ജിയോളജി വകുപ്പിന് നിർദേശം. സർവീസ് റോഡിലൂടെ നാളെ മുതൽ വാഹനം കടത്തിവിട്ടേക്കും.

ദേശീയപാത തകർന്ന സ്ഥലത്ത് NHAI നിയോഗിച്ച വിദഗ്ദ സംഘം പരിശോധന നടത്തിയിരുന്നു. സ്ഥലം സന്ദർശിച്ച കാൺപൂർ, പാലക്കാട്‌ ഐഐടികളിലെ വിദഗ്‌ദ്ധർ ഉടൻ റിപ്പോർട്ട് നൽകും. ജില്ലാ ഭരണകൂടം ചുമതലപെടുത്തിയ സംഘം ഇന്ന് കളക്ടർക്ക് റിപ്പോർട്ട് നൽകും. അതെസമയം നിർമാണ ചുമതലയുള്ള കരാറ് കമ്പനിക്ക് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Advertising
Advertising

ദേശീയപാത നിർമാണത്തിൽ ഇരുന്ന കൊട്ടിയം മൈലക്കാട് തകർച്ചയുടെ കാരണം വ്യക്തമാവുക വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ആയിരിക്കും. പരിശോധന നടത്തിയ സംഘം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ.ജിമ്മി തോമസിന്‍റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി.കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പ്രദേശത്തു പരിശോധന നടത്തിയത്. തുടർ പ്രവർത്തികൾ ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും. പരിശോധനയിൽ നിർമ്മാണത്തിൽ അപാകത ഉണ്ടായെന്ന് കണ്ടെത്തിയാൽ കരാറു കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ നടപടി കടുപ്പിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിനെ ഒരു മാസത്തേക്ക് വിലക്കിയിട്ടുണ്ട്.

എൻഎച്ച്, ഗ്രൗണ്ട് വാട്ടർ, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ നിയോഗിച്ച സംഘം വിവിധ ഇടങ്ങൾ പരിശോധന നടത്തിയ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സംഭവ സ്ഥലത്തെ മണ്ണ് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനും ജിയോളജി വകുപ്പിന് നിർദ്ദേശമുണ്ട്. വാട്ടർ അതോറിറ്റിയും അറ്റകുറ്റപ്പണികൾ എത്രയും വേഗം തീർക്കും. തകർന്ന ഭാഗത്തെ മണ്ണ് പൂർണമായും നീക്കി അപകട സാധ്യത പൂർണമായും ഒഴിവാക്കി ആകും ഗതാഗതം പുനസ്ഥാപിക്കുക. മണ്ണിട്ട് ഉയർത്തിയുള്ള റോഡ് നിർമാണം ഒഴിവാക്കി കോൺക്രീറ്റ് എലിവേറ്റഡ് ഹൈവേ വേണം എന്ന ആവശ്യം ശക്തമാണ്.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - ലാൽകുമാർ

contributor

Similar News