ചേവരമ്പലം കൂട്ടബലാത്സംഗക്കേസിലെ പ്രതി ഫഹദ് യുക്തിവാദ പ്രചാരകൻ
സി രവിചന്ദ്രൻ, ഇഎ ജബ്ബാർ ഉൾപ്പെടെയുള്ള യുക്തിവാദ നേതാക്കളുടെ പോസറ്റുകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്
കോഴിക്കോട് ചേവരമ്പലം കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാളായ ഫഹദ് അത്തോളി സജീവ യുക്തിവാദ പ്രചാരകൻ. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ നിറയെ യുക്തിവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഉള്ളത്. സി രവിചന്ദ്രൻ, ഇഎ ജബ്ബാർ ഉൾപ്പെടെയുള്ള യുക്തിവാദ നേതാക്കളുടെ പോസറ്റുകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്.
ചേവരമ്പലത്തെ പെൺകുട്ടിയെ ലഹരി വസ്തുക്കൾ നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ പേരുകൾ നാർക്കോട്ടിക് ജിഹാദിന്റെ ഉദാഹരണമായി ഉയർത്തിക്കാട്ടി പ്രചാരണം നടക്കുന്ന വേളയിലാണ് ഫഹദ് അത്തോളിയുടെ യുക്തിവാദ ബന്ധം ചർച്ചയാകുന്നത്. പ്രമുഖ യുക്തിവാദി നേതാക്കളെല്ലാവരെയും ഇയാൾ പിന്തുടരുന്നുണ്ട്. ഇടതുപക്ഷത്തിന്റെ ഉറപ്പാണ് എൽ.ഡി.എഫ് എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവും പങ്കുവച്ചിട്ടുണ്ട്.
ധാർമികത മനുഷ്യന്റെ മാത്രം ആവശ്യമാണ്, ദൈവത്തിന്റെ ആവശ്യമല്ല എന്നാണ് ഒരു പോസ്റ്റിൽ ഫഹദ് കുറിക്കുന്നത്. 'സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്കു സമൂഹത്തിന്റെ സഹകരണവും പിന്തുണയും സ്‌നേഹവും അംഗീകാരവും ആദരവുമൊക്കെ ഉണ്ടെങ്കിലേ സുഖമായും ശാന്തിയോടെയും ജീവിക്കാനാവൂ. ഇതു തിരിച്ചറിയാൻ ഞങ്ങൾക്ക് ഈ പരിഷ്‌കൃതയുഗത്തിൽ ഒരു ദൈവകോത്താമ്പി മാമന്റെയൊന്നും ഭീഷണിയുടെ ആവശ്യമില്ല. ധാർമികത മനുഷ്യന്റെ മാത്രം ആവശ്യമാണ്. ദൈവത്തിന്റെ ആവശ്യമല്ല'- എന്നാണ് കുറിപ്പ.
കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസിലെ മുഖ്യപ്രതി അത്തോളി സ്വദേശി അജ്‌നാസ് കൊല്ലം സ്വദേശിനിയായ 36കാരിയുമായി പരിചയത്തിലായത് ടിക്ടോകിലൂടെയാണ്. പരിചയപ്പെട്ട് കൂടുതൽ അടുപ്പമായതോടെ നേരിട്ട് കാണാനായി അജ്‌നാസ് യുവതിയെ കോഴിക്കോട്ടേക്ക് ക്ഷണിച്ചു. ബുധനാഴ്ച യുവതി കോഴിക്കോട്ടെത്തി. തുടർന്ന് അജ്‌നാസ് യുവതിക്കായി ചേവരമ്പലത്തെ ഹോട്ടലിൽ മുറിയെടുത്തു. ഹോട്ടലിലെത്തിയ യുവതിക്ക് അജ്‌നാസ് തന്റെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി. ഫഹദ്, സുഹൈബ് കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവരായിരുന്നു ഹോട്ടലിലുണ്ടായിരുന്നതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.