ഒടുവിൽ അന്തിമരൂപമായി; കെപിസിസി ഭാരവാഹി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും
ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈസ്പ്രസിഡൻ്റുമാർ എന്നത് പുതിയ ലിസ്റ്റിൻ്റെ പ്രത്യേകതയാകും
Photo| Special Arrangement
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഒടുവിൽ അന്തിമരൂപമായി. ജംബോപട്ടികയ്ക്കാണ് ഹൈക്കമാൻഡ് അനുമതി. നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് നടപടി. നിലവിലെ ഭാരവാഹികളോടൊപ്പം കൂടുതൽപേരെ ഉൾപ്പെടുത്തിയാണ് പുനസംഘടന.
മാത്യുകുഴൽനാടൻ, പാലോട് രവി, രമ്യ ഹരിദാസ് ,കെ.സി.അബു,ഇബ്രാഹിംകുട്ടി കല്ലാർ, റോയ്.കെ.പൗലോസ്, എം.വിൻസെൻ്റ് എന്നിവർ വൈസ് പ്രസിഡൻ്റ്മാരാകും. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വൈസ്പ്രസിഡൻ്റുമാർ എന്നത് പുതിയ ലിസ്റ്റിൻ്റെ പ്രത്യേകതയാകും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളെ ഭാരവാഹിപട്ടികയിൽ നിന്നും ഒഴിച്ച് നിർത്തും. അനിൽ അക്കരെ, ജോസ്വള്ളൂർ, കെ.വി ദാസൻ, സജീവ്മാറോളി തുടങ്ങിയ നാൽപതോളംപേർ ജനറൽ സെക്രട്ടറിമാരാകും. ഖജാൻജിയായി ജ്യോതികുമാർ ചാമക്കാലയെയാണ് തീരുമാനിച്ചിരിക്കുന്നത്.
ബിഹാർ സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് കോൺഗ്രസ് മുൻഗണന കൊടുക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് വൈകുന്നരത്തോടെ ഉണ്ടാകും. ഇതിന് പിന്നാലെ ഇന്നോ നാളെയോ കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കും.