Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. പാർശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തിൽ നിന്ന് കെപിസിസി അധ്യക്ഷൻമാർ വന്നിട്ടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതൽ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ചൂണ്ടികാട്ടിയായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പരാമർശം.
കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും കെപിസിസി അധ്യക്ഷന് ഒപ്പം പദവി ഏറ്റെടുത്തു.
പുതിയ കെപിസിസി നേതൃത്വത്തിനൊപ്പം പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായതില്‍ പ്രശ്‌നമേയില്ലെന്നും സിപിഎമ്മിനെതിരായ പോരാട്ടത്തില്‍ പടക്കുതിരയായി മുന്നിലുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ രാഷ്ട്രീയത്തിലുണ്ടായ വളർച്ചയിൽ അഭിമാനക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.