'ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ'; സത്താര്‍ പന്തല്ലൂരിന് മറുപടിയുമായി കെപിസിസി വക്താവ്

മുനമ്പത്തെ വഖഫ് പ്രശ്നത്തിന്റ കാരണഭൂതരായ മാർക്സിസ്റ്റ് പാർട്ടിയുടെ നട്ടെല്ല് പരിശോധിക്കാൻ സത്താര്‍ പന്തല്ലൂരിന് ആർജ്ജവമുണ്ടോയെന്ന് ജിന്റോ ജോൺ ചോദിച്ചു

Update: 2025-04-03 11:54 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിൽ വേണ്ടവിധം ഇടപെടാത്ത ഷാഫി പറമ്പിൽ എംപിയെ വിമർശിച്ച എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിന് മറുപടിയുമായി കെപിസിസി വക്താവ് ജിന്റോ ജോൺ. ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പാർലമെന്റിൽ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത്‌ വീതം വയ്ക്കുന്ന കാര്യമല്ലെന്നും ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെയാണെന്നും ജിന്റോ ജോൺ പറഞ്ഞു.

മതവർഗീയ താൽപ്പര്യം മാത്രം ഉന്നംവച്ച് ബിജെപി കൊണ്ടുവന്ന വഖഫ് ബില്ലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഭിപ്രായമാണ് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പറഞ്ഞത്. പാർട്ടിയുടെ നിലപാട് പറയാൻ അവരെയാണ് ഇന്നലെ ചുമതലപ്പെടുത്തിയത്. ഷാഫിയുടെ കോൺഗ്രസ്‌ പാർട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താർ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താൻ പറ്റുന്നതെന്ന് ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

കേരളത്തിലെ മുസ്‌ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് ഷാഫി പറമ്പിലിന് അന്വേഷിക്കാവുന്നതാണ് എന്നായിരുന്നു സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

അസ്ഥാനത്തുള്ള വിമർശനം നടത്തി കോൺഗ്രസിനെ ദുർബലപ്പെടുത്തിയതിന്റെ പരിണിത ഫലങ്ങളിൽ ചിലതാണിതെന്ന് ജിന്റോ ജോൺ പറഞ്ഞു. ഷാഫിയുടെ നട്ടെല്ല് പരിശോധന നടത്താൻ തിരക്കുള്ള സത്താർ പന്തല്ലൂർ കേരളത്തിൽ ഈ വിഷയം ഇത്ര കത്തിനിൽക്കാൻ കാരണമായ മുനമ്പത്തെ വഖഫ് പ്രശ്നത്തിന്റ കാരണഭൂതരായ മാർക്സിസ്റ്റ് പാർട്ടിയുടെ നട്ടെല്ല് പരിശോധിക്കാൻ ആർജ്ജവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഹൈബി ഈഡനും ഡീൻ കുര്യാക്കോസും പാർലമെന്റിൽ പറഞ്ഞത് അവരുടെ തറവാട്ട് സ്വത്ത്‌ വീതം വയ്ക്കുന്ന കാര്യമല്ല. മതവർഗ്ഗീയ താൽപ്പര്യം മാത്രം ഉന്നംവച്ച് ബിജെപി കൊണ്ടുവന്ന വഖഫ് ബില്ലിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഭിപ്രായമാണ്. പാർട്ടിയുടെ നിലപാട് പറയാൻ അവരെയാണ് ഇന്നലെ ചുമതപ്പെടുത്തിയത്. ഷാഫി പറഞ്ഞാലും ഹൈബി പറഞ്ഞാലും ഒന്ന് തന്നെ. ഷാഫിയുടെ കോൺഗ്രസ്‌ പാർട്ടി ഉണ്ടായിരുന്നത് കൊണ്ടാണ് സത്താർ പന്തല്ലൂരിനൊക്കെ ഈ നട്ടെല്ല് പരിശോധന നടത്താൻ പറ്റുന്നത്. അസ്ഥാനത്തുള്ള വിമർശനം നടത്തി കോൺഗ്രസ്സിനെ ദുർബലപ്പെടുത്തിയതിന്റെ പരിണിത ഫലങ്ങളിൽ ചിലതാണ് ഇതൊക്കെ. മനസ്സിലാക്കിയാൽ നല്ലത്.

പിന്നെ, ഷാഫിയുടെ നട്ടെല്ല് പരിശോധന നടത്താൻ തിരക്കുള്ള സത്താർ പന്തല്ലൂർ കേരളത്തിൽ ഈ വിഷയം ഇത്ര കത്തിനിൽക്കാൻ കാരണമായ മുനമ്പത്തെ വഖഫ് പ്രശ്നത്തിന്റ കാരണഭൂതരായ മാർക്സിസ്റ്റ് പാർട്ടിയുടെ നട്ടെല്ല് പരിശോധിക്കാൻ ആർജ്ജവമുണ്ടോ?

ബിജെപിക്കും കാസക്കും ക്രോസ്സിനും വിളവ് കൊയ്യാൻ നിലമൊരുക്കുന്ന പിണറായി സർക്കാരിന്റെ നട്ടെല്ല് നട്ടെല്ല് പരിശോധിക്കാൻ താങ്കൾക്ക് നട്ടെല്ലുണ്ടോ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന് പറയാനുള്ള നട്ടെല്ലെങ്കിലും ഉണ്ടോ? കലക്കവെള്ളത്തിൽ മാർക്സിസ്റ്റുകാർക്ക് വേണ്ടി മത്സ്യ ബന്ധനത്തിന് ഇറങ്ങും മുന്നേ അനാവശ്യ കോൺഗ്രസ്‌ വിമർശനമെന്ന രോഗത്തിനുള്ള ചികിത്സ തേടണം. അല്ലെങ്കിൽ തന്നെ ഈ നട്ടെല്ല് പരിശോധനയൊന്നും അത്രക്ക് പൊളിറ്റിക്കലി കറക്ടുമല്ല.

ആ വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പടച്ചുവിട്ടവനെ ഒന്ന് പിടിച്ചു കാണിക്കാൻ പിണറായി മുതലാളിയോട് പറയാനുള്ള പാങ്ങുണ്ടോ താങ്കൾക്ക്. കഴിഞ്ഞ ഒൻപത് വർഷത്തെ കാരണഭൂതന്റെ നേതൃത്വത്തിലുള്ള സംഘപരിവാർ ഭരണത്തെ കുറിച്ചും ഒന്ന് ചോദിക്കണം ഇടക്ക്. അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ കുറുക്കനും ചെന്നായ്ക്കും വേട്ടയാടാൻ പാകത്തിൽ കോഴികളെ തമ്മിൽത്തല്ലി തെറ്റിക്കുന്നവരാണെന്ന സമൂഹസംശയം ഉറപ്പാകാൻ ഇടയുണ്ട്.

Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News