പീഡന പരാതി തള്ളി കൃഷ്ണകുമാർ; സ്വത്തുതർക്കമെന്ന് വിശദീകരണം
വാർത്ത പുറത്തുവിട്ട മീഡിയവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു
പാലക്കാട്: തനിക്കെതിരായ ലൈംഗിക പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ. സ്വത്തു തർക്കവും കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയാണെന്നാണ് കൃഷ്ണകുമാർ നൽകുന്ന വിശദീകരണം.
തനിക്കെതിരായ പീഡന പരാതി കോടതി നേരത്തെ തള്ളിയതാണെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന്റെ വാദം. 2025ലെ പാലക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും കൃഷ്ണകുമാർ വാർത്താ സമ്മേളനത്തില്‍ പരാമർശിച്ചു.
എന്നാല്‍ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ വീട്ടില്‍ കയറി കൈയ്യേറ്റം ചെയ്തത് സംബന്ധിച്ച പരാതിയാണ് കോടതിയിലെത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. മർദിച്ചതുള്‍പ്പെടെയുള്ള ഐപിസി 341, 323, 324 വകുപ്പുകളാണ് ആ കേസില്‍ ചുമത്തിയിരുന്നത്. ലൈംഗിക പീഡനം ആ പരാതിയുണ്ടായിരുന്നില്ല. ഇക്കാര്യം ചോദിച്ചതോടെ, ആ പരാതി പൊലിസ് തന്നെ തള്ളിയെന്നും കോടതിയിലെത്തിയില്ലെന്നും കൃഷ്ണകുമാറിന് തന്നെ സമ്മതിക്കേണ്ടിവന്നു.
പാർട്ടിയിൽ പലർക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന യുവതിയുടെ ആരോപണത്തിന് മറുപടിയായി കഴമ്പുണ്ടെന്ന് തോന്നിയ പരാതിയിൽ പാർട്ടി നടപടിയെടുത്തിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അത്തരത്തിലൊരു പരാതിയിലാണ് സന്ദീപ് വാര്യരെ മാറ്റി നിർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി നേതൃത്വം വിശദീകരണമൊന്നും തേടിയിട്ടില്ലെന്നും, അങ്ങനെയുണ്ടായാൽ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ തനിക്ക് സാധിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന നേതൃത്വത്തിന് സത്യമറിയാമെന്നും കാര്യങ്ങൾ പാർട്ടിയെ ബോധ്യപ്പെടുത്തിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന അസുരവിത്ത് പുറത്ത് പോയെന്നും അയാളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പീഡന പരാതിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ കൃഷ്ണകുമാറിന് സാധിച്ചില്ല. വാർത്ത പുറത്തുവിട്ട മീഡിയവൺ ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.