സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി
പവർകട്ട് വേണോയെന്ന് ഈ മാസം 21 ന് ശേഷം തീരുമാനിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ചു. നിലവിൽ കൂടിയ വിലക്ക് വൈദ്യുതി വാങ്ങും. പവർകട്ട് വേണോയെന്ന് ഈ മാസം 21 ന് ശേഷം തീരുമാനിക്കും. എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോർട്ട് നൽകാൻ കെ.എസ്.ഇ.ബി ചെയർമാനോട് മന്ത്രി നിർദേശിച്ചു.
ഉന്നതതല ചർച്ചയിലാണ് കെ.എസ്.ഇ.ബി ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. 37 ശതമാനം ജലം മാത്രമാണ് ഡാമുകളിൽ അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര ഉൽപാദനം കുറച്ചിട്ടുണ്ട് പകരം പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കൂടിയ വിലക്കാണ് ഇപ്പോൾ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. ഇതിനായി ദിനംപ്രതി 10 കോടി രൂപയ്ക്കടുത്താണ് ചെലവാകുന്നത്. അതുകൊണ്ട് തന്നെ കിട്ടുന്ന വരുമാനം വൈദ്യുതി വാങ്ങാനായി ഉപയോഗിക്കേണ്ട സ്ഥിതിയാണിപ്പോയുള്ളത്.
ഇത്തരത്തിൽ പ്രതിസന്ധി തുടരുകയാണെങ്കിൽ അടുത്ത മാസം ജീവനക്കാരുടെ ശമ്പളവും പെൻഷനും നല്കുന്നതും പ്രതിസന്ധിയിലാകുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള എന്തെങ്കിലും പ്രൊപ്പോസൽ ഉണ്ടെങ്കിൽ അത് 21-ാം തിയതി സമർപ്പിക്കാൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി കെ.എസ്.ഇ.ബി ചെയർമാനോട് ആവശ്യപ്പെട്ടു.