കാർഷിക സർവകലാശാലയിലെ ഫീസ് വർധന: കെഎസ്‌യു സമരം ശക്തമാക്കുന്നു

വിദ്യാർഥി വിരുദ്ധതയുടെ ഉറവിടമായി സംസ്ഥാന സർക്കാർ മാറുകയാണെന്ന് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

Update: 2025-10-30 16:28 GMT

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ ഫീസ് വർധനയ്ക്കെതിരെ കെഎസ്‌യു പ്രതിഷേധം ശക്തമാക്കുന്നു. സർവകലാശാലയ്ക്ക് കീഴിൽ വരുന്ന കോളജുകളിൽ നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വിദ്യാർഥി വിരുദ്ധതയുടെ ഉറവിടമായി സംസ്ഥാന സർക്കാർ മാറുകയാണെന്ന് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. കാർഷിക സർവകലാശാലയിലെ ഫീസ് നിരക്ക് കുത്തനെ കൂട്ടിയത് സിൻഡിക്കേറ്റിന് സമാന അധികാരമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. സിപിഎം- സിപിഐ പ്രതിനിധികളാണ് പ്രസ്തുത കമ്മിറ്റിയിലുള്ളത്.

ഈ വസ്തുത നിലനിൽക്കെ പിഎം ശ്രീ വിഷയത്തിൽ ഉൾപ്പടെ മുഖം നഷ്ടപ്പെട്ട എസ്എഫ്ഐ നടത്തുന്ന സെറ്റിട്ട സമര നാടകങ്ങൾ വിദ്യാർഥി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഫീസ് വർധിപ്പിച്ചത് വൈസ് ചാൻസലറുടെ ചുമതലയുള്ള ബി. അശോക് ഐഎഎസ് ആണെങ്കിൽ അദ്ദേഹത്തെ നിലയ്ക്കുനിർത്താൻ സംസ്ഥാന സർക്കാർ എന്തുകൊണ്ട് തയാറാവുന്നില്ല.

എസ്എഫ്ഐ സമരം ചെയ്യേണ്ടത് വിദ്യാർഥി വിരുദ്ധതയുടെ കേന്ദ്രമായി മാറിയ സംസ്ഥാന സർക്കാരിനെതിരെയാണെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News