പൂരനഗരിയിൽ വര്‍ണക്കാഴ്ചകളുടെ കുടമാറ്റം; മനം നിറച്ച് പൂരം

പൂരനഗരിയെ ആവേശത്തിലാഴ്ത്തിയാണ് കുടമാറ്റം നടന്നത്

Update: 2025-05-06 16:26 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: മനസിലും മാനത്തും കാഴ്ചകൾ നിറച്ച് തൃശൂർ പൂരം.. കാണികളെ ആവേശത്തിലാറടിച്ച് കുടമാറ്റം നടന്നു. നാളെ പുലർച്ചെ മൂന്നുമണിയോടെ വർണ കാഴ്ചയുടെ വിസ്മയത്തിന് തിരി കൊളുത്തും.

പൂരനഗരിയെ ആവേശത്തിലാഴ്ത്തിയാണ് കുടമാറ്റം നടന്നത്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ മുഖാമുഖം അണിനിരന്നപ്പോള്‍ ശക്തന്‍റെ മണ്ണ് സാക്ഷ്യം വഹിച്ചത് കാഴ്ചയുടെ നിറക്കൂട്ടിന്. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തെക്കോട്ടിറങ്ങി നേര്‍ക്കുനേര്‍ നിന്നതോടെയാണ് കുടമാറ്റം ആരംഭിച്ചു. ആദ്യം പുറത്തേക്കിറങ്ങിയത് പാറമേക്കാവാണ്. പിന്നാലെ തിരുവമ്പാടിയും ഇറങ്ങിയതോടെ വര്‍ണ വിസ്മയത്തിന്‍റെ വിരുന്ന് ഒരുങ്ങി.

Advertising
Advertising

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരന്‍മാര്‍ ഇരുഭാഗങ്ങളിലായി നിരന്നു.ഗണപതിയും കൃഷ്ണനും ദുർഗ ദേവിയും മാവേലിയും കാലോത്സവത്തിന്‍റെ സ്വർണക്കപ്പും ചെണ്ട കൊട്ടുന്ന ബാലനും അടക്കം കൗതുകം ഉണർത്തുന്ന കുടകളാണ് ഇരുവിഭാഗവും ഒരുക്കിയത്. എൽഇ ഡി കുടകൾ രാത്രിയിലെ ഇരുട്ടിൽ തിളങ്ങി നിന്നു.

രാവിലെ കണിമംഗലം ശാസ്താവ് വടക്കുന്നാഥക്ഷേത്രത്തിൽ എത്തിയതോടെയാണ് പൂരം തുടങ്ങിയത്. പിന്നാലെ മറ്റ് ഘടകദൈവങ്ങളും വടക്കുന്നാഥനെ വണങ്ങാനെത്തി. തിരുവമ്പാടി ഭഗവതി കൃത്യസമയത്തുതന്നെ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. മഠത്തിലെ പൂജകൾക്കുശേഷം പുറത്തിറങ്ങിയ ഭഗവതിക്കുമുന്നിൽ മഠത്തിൽവരവ് പഞ്ചവാദ്യം കൊട്ടിക്കയറി.ഉച്ചയോടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ഇതിനുപിന്നാലെ ഇലഞ്ഞിത്തറമേളം നടന്നു.

ശേഷം വൈകുന്നേരം അഞ്ചരയോടെയാണ് തേക്കിൻകാട് മൈതാനിയിൽ കുടമാറ്റം തുടങ്ങിയത്. കുടമാറ്റം കഴിഞ്ഞതോടെ രാത്രിപ്പൂരത്തിന്‍റെ സുന്ദരകാഴ്ചകൾ പിറക്കും. രാത്രി 11 മണിക്ക് പാറമേക്കാവിന്‍റെ പഞ്ചവാദ്യവുമുണ്ടാകും.ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വെടിക്കെട്ട് നടക്കുക. നാളെ പകൽപ്പൂരവും പിന്നിട്ട്, ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പിരിയുക. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News