‘അദ്വാനിയുടെ ആത്മകഥ മലയാളത്തിലിറക്കാൻ കുരുക്ഷേത്രയും കേസരിയും വിസമ്മതിച്ചു’; വെളിപ്പെടുത്തലുമായി മുതിർന്ന ആർഎസ്എസ് നേതാവ്
ജന്മഭൂമി വാരാദ്യത്തിലെ പംക്തിയിലാണ് ആത്മകഥക്ക് മലയാള പരിഭാഷ പുറത്തിറക്കാൻ ആരുമുണ്ടാകാത്തത് പോരായ്മയായി പി. നാരായണൻ ചൂണ്ടിക്കാട്ടുന്നത്
തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാദിനിയുടെ ആത്മകഥയായ ‘മൈ കൺട്രി മൈ ലൈഫ്’ മലയാളത്തിൽ പുറത്തിറക്കാൻ പ്രസാധകരായ കുരുക്ഷേത്ര ബുക്സും കേസരിയും വിസമ്മതിച്ചതായി വെളിപ്പെടുത്തൽ. മുതിർന്ന ആർഎസ്എസ് നേതാവും ജന്മഭൂമി മുൻ ചീഫ് എഡിറ്ററുമായ പി. നാരായണന്റേതാണ് വെളിപ്പെടുത്തൽ. ജന്മഭൂമി വാരാദ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ‘സംഘപഥത്തിലൂടെ’ എന്ന പംക്തിയിലാണ് അദ്വാനിയുടെ ആത്മകഥക്ക് മലയാള പരിഭാഷ പുറത്തിറക്കാൻ ആരുമുണ്ടാകാത്തത് പോരായ്മയായി നാരായണൻ ചൂണ്ടിക്കാട്ടുന്നത്.
‘ചരിത്രാതീത കാലം മുതൽ ആസേതു ഹിമാചലം പുണ്യഭൂപ്രദേശമായി കരുതപ്പെട്ട സിന്ധുദേശം ശത്രുരാജ്യമായതിന്റെ ചോരയും കണ്ണിരുംകൊണ്ടു വിരചിക്കപ്പെട്ട സംഭവങ്ങളുടെ നേർസാക്ഷ്യം സ്വതന്ത്രഭാരതത്തിലെ തലമുതിർന്ന നേതൃശ്രേഷ്‌ഠന്റെ വാക്കുകളിലൂടെ ലഭിക്കുന്ന പുസ്‌തകമാണ് മൈ കൺട്രി മൈ ലൈഫ്. അതിന് ഇതുവരെ മലയാള പരിഭാഷ പുറത്തിറക്കാൻ ആരുമുണ്ടായില്ല എന്നതു വലിയ പോരായ്‌മ തന്നെയാണ്. കുരുക്ഷേത്രയും കേസരിയും അതിനു വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. അഡ്വാനിജിയും അതിൽ വിഷമം അനുഭവിക്കുന്നുണ്ടത്രേ. പി.കെ സു കുമാരൻ കേസരി പത്രാധിപരായിരുന്നപ്പോൾ അതിനു ശ്രമം നടത്തിയതായി അറിയാം. പക്ഷേ അതും ഫലം കണ്ടില്ല’ -പി. നാരായണൻ ലേഖനത്തിൽ പറയുന്നു.
2008ലാണ് അദ്വാനിയുടെ ആത്മകഥ ഇംഗ്ലീഷിൽ ആദ്യമായി പുറത്തിറങ്ങുന്നത്. അന്നത്തെ പ്രസിഡന്റ് എപിജെ അബ്ദുൽ കലാമാണ് പ്രകാശനം നിർവഹിച്ചത്.