കുവൈത്ത് തീപിടിത്തം: നാലുപേര്‍ക്ക് കൂടി നാട് ഇന്ന് വിടനല്‍കും

മരിച്ച 12 മലയാളികളുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചിരുന്നു

Update: 2024-06-15 02:39 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച നാല് മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 9 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുടർന്ന് പൊതുദർശനം നടക്കും. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.

മരിച്ച പന്തളം സ്വദേശി ആകാശിന്റെ പന്തളം മുടിയൂർകോണത്തെ വീട്ടിൽ 11മണിക്ക് പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം പൂർത്തീകരിക്കും. തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക. ദുരന്തത്തിൽ മരിച്ച സിബിൻ, സജു വർഗീസ്, മാത്യു തോമസ്,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

Advertising
Advertising

കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഒൻപതാം മൈൽ IPC ചർച്ച് സെമിത്തേരിയിലാണ് സംസ്‌കാരം . പാമ്പാടിയിലെ വാടക വീട്ടിലും പുതുതായി നിർമിക്കുന്ന വീട്ടിലും പൊതുദർശനം നടത്തും.

മരിച്ച പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ സംസ്‌കാര ശുശ്രുഷകൾ നാളെ 4 മണിക്ക് പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മൂന്നു പേരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

കൊല്ലം സ്വദേശികളായ രണ്ടുപേരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വെളച്ചിക്കാല വേങ്ങൂർ വടക്കോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയ്ക്ക് നടക്കും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നും വീട്ടിൽ എത്തിക്കുന്ന മൃതദേഹം വെളച്ചിക്കാല IPC സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. നരിക്കൽ മാർത്തോമാ പള്ളിയിൽ ആണ് ചടങ്ങുകൾ. പുനലൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടിൽ എത്തിക്കും.

കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ 12 പേരുടെ മൃതദേഹങ്ങൾ ഇന്നലെ സംസ്‌കരിച്ചിരുന്നു. നെടുമങ്ങാട് അരുൺ ബാബു, ശൂരനാട് ഷമീർ, വാഴമുട്ടം മുരളീധരൻ നായർ, ഇടവ ശ്രീജേഷ് തങ്കപ്പൻ, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂർ നൂഹ്, പുലാമന്തോൾ ബാഹുലേയൻ, കണ്ണൂർ വയക്കര നിതിൻ, തലശ്ശേരി വിശ്വാസ് കൃഷ്ണൻ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.


Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News