മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം: കുറ്റവാളികൾക്കെതിരെ കടുത്ത നടപടി വേണമെന്ന് കെ.യു.ഡബ്ല്യു.ജെ

ബാലുശ്ശേരി വട്ടോളി ബസാർ മലയിലകത്തോട്ട് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ നടക്കുന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ 'ന്യൂസ് 18' സംഘത്തിനു നേരെയാണ് ആക്രമണം നടന്നത്

Update: 2022-11-17 12:08 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കരിങ്കൽ ക്വാറിയുടെ പ്രവർത്തനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിനുനേരെ നടന്ന ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ) പ്രതിഷേധിച്ചു. 'ന്യൂസ് 18' ചാനൽ വാർത്താ സംഘത്തിനുനേരൊണ് ആക്രമണം നടന്നത്. ജനകീയപ്രശ്‌നങ്ങൾ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ കൈയൂക്ക് കൊണ്ട് നേരിടുന്നത് അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ കോഴിക്കോട് ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു.

ബാലുശ്ശേരി വട്ടോളി ബസാർ മലയിലകത്തോട്ട് പ്രവർത്തിക്കുന്ന ക്വാറിയുടെ വാർത്ത ശേഖരിക്കാനെത്തിയ 'ന്യൂസ് 18' കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് എസ്. വിനേഷ് കുമാർ, കാമറാമാൻ ഷാഫി എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. ക്വാറിയിലേക്കുള്ള റോഡിൽ രാജൻ എന്നു പേരുള്ളയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. കാമറ തകർക്കാനും നീക്കമുണ്ടായി.

മർദനമേറ്റ വിനേഷും ഷാഫിയും ബാലുശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. പഞ്ചായത്ത് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ലൈസൻസ് നേടിയാണ് ക്വാറി പ്രവർത്തനമാരംഭിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്വാറിക്കെതിരെ പ്രദേശത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാനും റിപ്പോർട്ട് ചെയ്യാനുമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്.

ജനങ്ങളുടെ പ്രശ്‌നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുക എന്ന കടമ നിർവഹിക്കുന്ന മാധ്യമപ്രവർത്തകരെ കൈയൂക്ക് കൊണ്ട് നേരിടുന്ന നീക്കം അത്യന്തം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ് രാകേഷും പ്രസ്താവനയിൽ പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടിയെടുക്കാൻ പൊലീസ് തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Summary: KUWJ district committee calls for strict action against the culprits in attack on the News 18 media team in Vattoli Bazar, Kozhikode

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News