റിപ്പോർട്ടർ ടിവിയിലെ വനിതാ മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നത്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബ്യൂറോ ആക്രമിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളി’; കെയുഡബ്ല്യൂജെ
കുറ്റവാളികളെ ഉടൻ കസ്റ്റഡിയിലെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിന് പൊലീസ് കർക്കശ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയിലെ രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ജോലി തുടരാൻ കഴിയാത്ത വിധം തൊഴിൽ സമ്മർദങ്ങൾ വഷളാവുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ലെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം പ്രതിഷേധകരമാണ്. രാഷ്ട്രീയ പക തീർക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ അക്രമത്തിലൂടെ നേരിടാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. മാധ്യമ സ്ഥാപനത്തിന്റെ നയനിലപാടുകളെ ശക്തമായ എതിർ നയ നിലപാടുകളിൽ ഊന്നിയ വാദങ്ങളിലൂടെ പ്രതിരോധിക്കുന്നതിന് പകരം അക്രമത്തിന് തുനിയുന്നത്. നിയമവാഴ്ചയോടുള്ള വെല്ലുവിളി ആയേ കാണാനാവൂ.
മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഇത്തരം നടപടി അവസാനിപ്പിക്കാനും അണികളെ നിയന്ത്രിക്കാനും കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടേണ്ടതുണ്ട് . കുറ്റവാളികളെ ഉടൻ കസ്റ്റഡിയിലെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിന് പൊലീസും കർക്കശ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താക്കുറിപ്പിന്റെ പൂർണരൂപം
രാഷ്ട്രീയ പക തീർക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ, നിയമപരമായി കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ അക്രമത്തിലൂടെ നേരിടാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. റിപ്പോർട്ടർ ടിവി തൃശൂർ ബ്യൂറോ ഓഫീസിൽ കരിഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമം പ്രതിഷേധകരമാണ്. മാധ്യമ സ്ഥാപനത്തിന്റെ നയനിലപാടുകളെ ശക്തമായ എതിർ നയ നിലപാടുകളിൽ ഊന്നിയ വാദങ്ങളിലൂടെ പ്രതിരോധിക്കുന്നതിന് പകരം അക്രമത്തിന് തുനിയുന്നത്. നിയമവാഴ്ചയോടുള്ള വെല്ലുവിളി ആയേ കാണാനാവൂ. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരായ ഇത്തരം നടപടി അവസാനിപ്പിക്കാനും അണികളെ നിയന്ത്രിക്കാനും കോൺഗ്രസ് നേതൃത്വം അടിയന്തരമായി ഇടപെടേണ്ടതുണ്ട് . കുറ്റവാളികളെ ഉടൻ കസ്റ്റഡിയിലെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിന് പൊലീസും കർക്കശ നടപടി സ്വീകരിക്കണം
അതേസമയം, രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ജോലി തുടരാൻ കഴിയാത്ത വിധം തൊഴിൽ സമ്മർദങ്ങൾ വഷളാവുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നഷ്ടമാവുകയും ചെയ്യുന്നത് ഒരു സ്ഥാപനത്തിനും ഭൂഷണമല്ല. പരാതി കിട്ടിയാൽ നടപടി സ്വീകരിക്കുമെന്ന മാനേജ്മെന്റ് നിലപാട് സ്വാഗതാർഹമാണെങ്കിലും ഇത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പരാതിക്ക് കാത്തു നിൽക്കാതെ നിഷ് പക്ഷമായ അന്വേഷണം നടത്തി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി അധികാരികൾ ചെയ്യേണ്ടത്. ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി തൊഴിൽ സൗഹൃദ പണിയിടം എന്ന പ്രതിച്ഛായ ഉറപ്പ് വരുത്താൻ മാനേജ്മെന്റ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.