'എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ വെളിപ്പെടുത്തൽ നടത്തും'; കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ലാലി ജെയിംസ്
ദീപാദാസ് മുൻഷിയും കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെത്തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേയെന്നും ലാലി ചോദിച്ചു
തൃശൂര്‍: മേയർ തെരഞ്ഞെടുപ്പിനെ ചൊല്ലി തൃശൂർ കോണ്‍ഗ്രസില്‍ കലാപം. കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി കൗണ്‍സിലർ ലാലി ജെയിംസ് വീണ്ടും രംഗത്തത്തി. നിജി ജസ്റ്റിനെ മേയറാക്കിയതിന് കോഴ വാങ്ങിയെന്ന് ലാലി രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
'എന്നെ അച്ചടക്കം പഠിക്കാൻ വരുന്നവരെ അച്ചടക്കം പഠിക്കാനുള്ള വഴി എന്റെ കൈയിലുണ്ട്. ദീര്‍ഘകാലം പ്രതിപക്ഷനേതാവായിരുന്നു രാജൻ പല്ലന്റെ കാര്യങ്ങൾ അടക്കം കൂടുതൽ വെളിപ്പെടുത്തൽ നടത്തും.രാജൻ പല്ലൻ സ്വന്തം ഉയർച്ചക്കാണ് നിൽക്കുന്നത്. പാർട്ടിക്ക് വേണ്ടിയല്ല. അദ്ദേഹത്തെ നിയമസഭാ സീറ്റിൽ മത്സരിപ്പിക്കാൻ എന്നെ ബലിയാടാക്കുകയും എന്നെ മാറ്റി നിർത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെയുള്ള വെളിപ്പെടുത്തൽ എന്റെ കൈയിലുണ്ട്. ദീപാദാസ് മുൻഷിയും ,കെ.സി വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ച് കൊടുക്കുകയാണെങ്കിൽ താഴെ തട്ടിൽ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യമല്ലേ.. മേയർ സ്ഥാനാർഥിക്കുള്ള വോട്ട് കോൺഗ്രസിനുള്ള വോട്ടാണ്.എന്റെ പാർട്ടിയെ സ്‌നേഹിക്കുന്നു.കേവലം നാലഞ്ച് പേരടങ്ങിയതല്ല പാർട്ടി.അതുകൊണ്ട് ഞാൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്. മടിയിൽ കനമുള്ളവന്റെ കൂടെ ആളുകൾ കൂടുന്ന ചരിത്രമാണ് തൃശൂരിലുള്ളത്'. ലാലി പറഞ്ഞു.
മേയർ ആക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചെന്ന് ലാലി പറഞ്ഞിരുന്നു. പാർട്ടിക്കുവേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചത് , വ്യക്തിപരമായി അല്ല.തന്റെ കയ്യിൽ പണമില്ല എന്ന് താൻ പറഞ്ഞു.നിജി ജസ്റ്റിനും കുടുംബവും പെട്ടിയുമായി മേയർ ആകാൻ നടക്കുന്നു എന്ന് പലരും പറഞ്ഞു കേട്ടു. പൈസയാണോ മേയർ സ്ഥാനത്തിന് മാനദണ്ഡമായത് എന്ന് സംശയമുണ്ടെന്നും ലാലി ജെയിംസ് പറഞ്ഞിരുന്നു. അതേസമയം, മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് മേയറെ നിശ്ചയിച്ചതെന്ന് ജോസഫ് ടാജറ്റ് പ്രതികരിച്ചു. നാല് തവണയും കൗൺസിലറായ ലാലി ആർക്കാണ് പെട്ടി നൽകിയതെന്ന് പറയട്ടെ.പരാതിയുണ്ടെങ്കിൽ കെപിസിസി നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.