Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം. 2019 മാർച്ച് 12ന് ആണ് പ്രണയം നിരസിച്ചതിന്റെ പേരിൽ കുത്തിയും പെട്രോൾ ഒഴിച്ചും 19കാരിയെ കൊലപ്പെടുത്തിയത്.
പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതിയാണ് അജിൻ റെജി മാത്യുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു.
സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു.